പ്രതിഷേധത്തിന് പിന്നില്‍ അര്‍ബന്‍ നക്‌സലുകള്‍; ഗറില്ല രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് മോദി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th December 2019 03:25 PM  |  

Last Updated: 17th December 2019 03:25 PM  |   A+A-   |  

ഫയല്‍ചിത്രം

 

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധത്തിന് പിന്നില്‍ അര്‍ബന്‍ നക്‌സലുകളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഗറില്ല രാഷ്ടീയം അവസാനിപ്പിക്കാന്‍ മോദി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നുണപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഈ ഗറില്ല രാഷ്ട്രീയം അവസാനിപ്പിക്കുക. നമ്മുടെ ഒരേയൊരു വിശുദ്ധ ഗ്രന്ഥമാണ് ഇന്ത്യന്‍ ഭരണഘടന. രാജ്യത്തിന്റെ നയങ്ങളെ സംബന്ധിച്ച് സംവാദം നടത്താന്‍ കോളജുകളിലെ യുവജനങ്ങള്‍ തയ്യാറാവണം. ജനാധിപത്യപരമായിരിക്കണം ഓരോ പ്രതിഷേധവും. നിങ്ങള്‍ പറയുന്നത് എല്ലാം കേള്‍ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ചില പാര്‍ട്ടികള്‍, അര്‍ബന്‍ നക്‌സലുകള്‍, തോളില്‍ കയറി നിന്ന് വെടിയുതിര്‍ക്കുകയാണ്'- മോദി പറഞ്ഞു.

കോളജുകളിലും സര്‍വകലാശാലകളിലുമുളള വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രാധാന്യം മനസ്സിലാക്കണം. അവരുടെ ജീവിതത്തിലെ നിര്‍ണായക കാലഘട്ടത്തെ കുറിച്ച് ബോധവാന്മാരായിരിക്കണം.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കാനും തയ്യാറാവണമെന്ന് മോദി അഭ്യര്‍ത്ഥിച്ചു.

അധികാരത്തില്‍ വന്നാല്‍ എല്ലാ പാകിസ്ഥാനി പൗരന്മാര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിനെ മോദി വെല്ലുവിളിച്ചു. ജമ്മുകശ്മീരിലും ലഡാക്കിലും ആര്‍ട്ടിക്കിള്‍ 370 തിരിച്ചുകൊണ്ടുവരാന്‍ തയ്യാറാവുമോ എന്നും മോദി ചോദിച്ചു.

കോണ്‍ഗ്രസും അവരുടെ ഘടകകക്ഷികളും ചേര്‍ന്ന് നുണകളുടെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്തെ മുസ്ലീങ്ങളെ ഭീതിയുടെ നിഴലില്‍ നിര്‍ത്തുന്നു. ഇവര്‍ അക്രമം വ്യാപിപ്പിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. പൗരത്വ നിയമ ഭേദഗതി ഇന്ത്യയിലെ ഒരു പൗരന്റെയും അവകാശങ്ങള്‍ ഹനിക്കുന്നതല്ലെന്നും  മോദി പറഞ്ഞു.