‘പൗരത്വ’ത്തിൽ കുരുങ്ങുമോ ബിജെപി? ജാർഖണ്ഡ് ജനവിധി ഇന്ന്

രാവിലെ എട്ടിന് 24 ജില്ലാ ആസ്ഥാനങ്ങളിൽ വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നോടെ ഏകദേശ ഫലം വ്യക്തമാകും
‘പൗരത്വ’ത്തിൽ കുരുങ്ങുമോ ബിജെപി? ജാർഖണ്ഡ് ജനവിധി ഇന്ന്

റാഞ്ചി : ദേശീയ പൗരത്വ നിയമ ഭേദ​ഗതിയിൽ തിരിച്ചടിയുണ്ടാകുമോ എന്ന് ഇന്നറിയാം. ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. പൗരത്വ നിയമം പാസ്സാക്കിയതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പാണ് ജാർഖണ്ഡിലേത്.  81 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കോൺഗ്രസിന്റെയും ബിജെപിയുടെയും മാത്രമല്ല പ്രാദേശിക പാർട്ടികളുടെയും നെഞ്ചിടിപ്പേറ്റാൻ പോന്നതാണ്.

രാവിലെ എട്ടിന് 24 ജില്ലാ ആസ്ഥാനങ്ങളിൽ വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നോടെ ഏകദേശ ഫലം വ്യക്തമാകും. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വിനയ് കുമാർ ചൗബെ അറിയിച്ചു. ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയിയെ എക്സിറ്റ് പോളുകൾക്കു പോലും കൃത്യമായി പ്രവചിക്കാനായിരുന്നില്ല. എന്നാൽ ജാർഖണ്ഡ് മുക്തിമോർച്ച-കോൺ​​ഗ്രസ് സഖ്യത്തിനാണ് നേരിയ ഭൂരിപക്ഷം പ്രവചിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് ഭരണം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.

2014ൽ 37 സീറ്റ് നേടിയ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ സഹായിച്ചത് ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ (എജെഎസ്‌യു–5 സീറ്റ്) ആയിരുന്നു. അന്ന് ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് (ജെഎംഎം) 17 സീറ്റ് ലഭിച്ചു. കോൺഗ്രസിന് ആറും. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ 14ൽ 12 സീറ്റും ലഭിച്ചത് എൻഡിഎക്കായിരുന്നുവെന്നതും ബിജെപിയുടെ ആത്മവിശ്വാസം കൂട്ടുന്നു. എന്നാൽ ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം–43 സീറ്റിൽ) കോൺഗ്രസും (31) രാഷ്ട്രീയ ജനതാദളും (ആർജെഡി–7) മഹാസഖ്യമായാണ് ഇത്തവണ മത്സരിച്ചത്. ജെഎംഎമ്മിന്റെ ഹേമന്ത് സോറനാണ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി.  ഇത്തവണയും സോറൻ രണ്ടിടത്തു മത്സരിക്കുന്നുണ്ട്– ധുംകയിലും ബാർഹെതിലും. എക്സിറ്റ് പോളിൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും കൂടുതൽ പേർ പിന്തുണച്ചത് ഹേമന്ത് സോറനെയാണ്.

324 നിയമസഭാ സീറ്റുകളുണ്ടായിരുന്ന ബിഹാറിൽ നിന്ന് 81 സീറ്റുകളെടുത്താണ് 2000ത്തിൽ ജാർഖണ്ഡ് സംസ്ഥാനം രൂപീകരിച്ചത്. അന്ന് ബിജെപി (32), സമത പാർട്ടി (5), ജെഡി–യു(3) തുടങ്ങിയവ ചേർന്ന എൻഡിഎ സഖ്യം സർക്കാർ രൂപീകരിച്ചു. ജെഎംഎമ്മിന് 12, കോൺഗ്രസ് 11, ആർജെഡി 9, സിപിഐ 3, മറ്റുള്ളവർ 6 എന്നിങ്ങനെയായിരുന്നു സീറ്റ്നില. സംസ്ഥാനത്തിനു പ്രത്യേകമായുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് 2005ലാണ്. പിന്നീട് 2009ലും 2014ലും തെരഞ്ഞെടുപ്പുകൾ നടന്നു. 2004ൽ മാത്രമാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ്നിലയിൽ കോൺഗ്രസ് മുന്നിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com