പെരിയാറെ അപമാനിച്ച് ബിജെപി; ശിശുപീ‍ഡകനെന്ന് ആക്ഷേപം; പ്രതിഷേധം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th December 2019 09:16 PM  |  

Last Updated: 24th December 2019 09:16 PM  |   A+A-   |  

BJPT


 
ചെന്നൈ: തമിഴകത്തിന്റെ പ്രിയ നേതാവ് ഇവി രാമസ്വാമി എന്ന പെരിയാറിനെ പരോക്ഷമായി അപമാനിക്കുന്ന തരത്തിൽ ബിജെപിയുടെ തമിഴ്നാട് ഘടകത്തിന്റെ വെരിഫൈഡ്  ട്വിറ്റർ പേജിൽ വന്ന കുറിപ്പ് വിവാദമായി. പെരിയാറുടെ 40ാം ചരമവാർഷിക ദിനത്തിലാണ് ട്വീറ്റ് എന്നതും ശ്രദ്ധേയം. വാചകങ്ങൾ വിവാദമായതോടെ ട്വീറ്റ് പിൻവലിച്ചു. 

‘ഇന്ന് മണിയമ്മയുടെ 'അച്ഛൻ' പെരിയാറിന്റെ ചരമദിനമാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോടുള്ള ലൈംഗികാതിക്രമങ്ങൾക്ക് വധശിക്ഷ എന്ന നയത്തിന് പിന്തുണയറിയിക്കാനുള്ള ദിവസമാണിത്. ഇന്നു മുതൽ നമുക്ക് പോക്സോ കുറ്റവാളികൾ ഇല്ലാത്ത ഒരു ലോകം സ്വപ്നം കണ്ടുതുടങ്ങാം.’ ഇതായിരുന്നു ബിജെപിയുടെ പേജിൽ വന്ന ട്വീറ്റ്. പെരിയാറും ഭാര്യ മണിയമ്മയും തമ്മിലുള്ള പ്രായവ്യത്യാസമാണ് ബിജെപി പരോക്ഷമായി എടുത്തുകാട്ടിയത്.

70ാം വയസിൽ പെരിയാർ മണിയമ്മയെ വിവാഹം ചെയ്യുമ്പോൾ അവർക്ക് പ്രായം 32 വയസായിരുന്നു പ്രായം. സ്വന്തം മകളാണ് എന്നും പറഞ്ഞുകൊണ്ട് വർഷങ്ങളോളം കൂടെക്കൊണ്ടു നടന്ന മണിയമ്മയെയാണ് അവസാനം പെരിയാർ കല്യാണം കഴിച്ചത് എന്നാണ് ട്വീറ്റിലെ സൂചന. ഇതോടെ ട്വീറ്റിനെതിരെ ഡിഎംകെ പ്രവർത്തകർ രംഗത്തെത്തി.