മുസ്ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ 'പരികര്‍മ പഥ'ത്തിന് പുറത്ത്; അയോധ്യയില്‍ പള്ളി പണിയാനുള്ള സ്ഥലം യോഗി സര്‍ക്കാര്‍ കണ്ടെത്തി

മുസ്ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ 'പരികര്‍മ പഥ'ത്തിന് പുറത്ത്; അയോധ്യയില്‍ പള്ളി പണിയാനുള്ള സ്ഥലം യോഗി സര്‍ക്കാര്‍ കണ്ടെത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

അയോധ്യ: അയോധ്യയില്‍ പള്ളി നിര്‍മിക്കുന്നതിന് സുപ്രീം കോടതി ഉത്തരവു പ്രകാരം ലഭിക്കേണ്ട ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് സുന്നി വഖഫ് ബോര്‍ഡ് തീരുമാനം എടുക്കാനിരിക്കെ, കൈമാറേണ്ട ഭൂമി യുപി സര്‍ക്കാര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നിര്‍ദിഷ്ട ക്ഷേത്രത്തില്‍നിന്ന് നിശ്ചിത ദൂരെയായിരിക്കണം പള്ളി പണിയുന്നത് എന്ന അഭിപ്രായം കണക്കിലെടുത്തുള്ള സ്ഥലമാണ് സര്‍ക്കാര്‍ കണ്ടെത്തിയതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

മഴക്കാലത്ത് അയോധ്യയില്‍ പഞ്ചകോശി പരികര്‍മ നടക്കുന്നതിനു പുറത്തായി വേണം പള്ളിക്കു സ്ഥലം കണ്ടെത്തുന്നതെന്ന് സംന്യാസിമാരും മത നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഹിന്ദുക്കള്‍ സരയു നദിയില്‍ മുങ്ങി നഗരത്തില്‍ പ്രദക്ഷിണം വയ്ക്കുന്ന, രണ്ടു ദിവസത്തെ ചടങ്ങാണ് പഞ്ചകോശി പരികര്‍മ. ഏതാണ് പതിനഞ്ചു കിലോമീറ്റര്‍ ദൂരമാണ് ഇത്തരത്തില്‍ പ്രദക്ഷിണം വയ്ക്കുന്നത്. ഈ പരിധിക്കുള്ളില്‍ പള്ളി നിര്‍മിക്കുന്നത് ഭാവിയില്‍ സംഘര്‍ഷത്തിന് ഇടവയ്ക്കുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മുസ്ലിംകള്‍ക്കു പള്ളി നിര്‍മിക്കുന്നതിനായി കൈമാറുന്നതിന് അഞ്ചു സ്ഥലങ്ങളാണ് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ നാല് എണ്ണം അയോധ്യ-ഫൈസാബാദ് റോഡ്, അയോധ്യാ-ബസ്തി റോഡ്, അയോധ്യാ-സുല്‍ത്താന്‍പുര്‍ റോഡ്, അയോധ്യാ-ഗരഖ്പുര്‍ റോഡ് എന്നിവിടങ്ങളിലാണ്. അഞ്ചാമത്തെ സ്ഥലം പരികര്‍മ പഥത്തില്‍നിന്ന ദൂരെയായി ദേശീയ പാതയിലും. 

സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ കേ്ന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും സ്ഥലം കൈമാറാന്‍ നടപടികള്‍ തുടങ്ങുക.

സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ഒഴികെയുള്ള മുസ്ലിം കക്ഷികള്‍ പള്ളി പണിയുന്നതിന് സ്ഥലം ഏറ്റവാങ്ങുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്, ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി, ജമാഅത്തെ ഉലമ ഹിന്ദ് എന്നിവയ സ്ഥലം വാങ്ങരുതെന്ന നിലപാടിലാണ്. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com