സുപ്രിംകോടതി വിധി ധാര്‍മ്മിക വിജയം; മോദിയല്ല രാജ്യത്തിന്റെ ബിഗ് ബോസെന്ന് മമത ബാനര്‍ജി 

 കൊല്‍ക്കത്ത പൊലീസിനെതിരായ സിബിഐ ഹര്‍ജിയില്‍ സുപ്രിംകോടതി വിധി ധാര്‍മ്മിക വിജയമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി
സുപ്രിംകോടതി വിധി ധാര്‍മ്മിക വിജയം; മോദിയല്ല രാജ്യത്തിന്റെ ബിഗ് ബോസെന്ന് മമത ബാനര്‍ജി 

കൊല്‍ക്കത്ത:  കൊല്‍ക്കത്ത പൊലീസിനെതിരായ സിബിഐ ഹര്‍ജിയില്‍ സുപ്രിംകോടതി വിധി ധാര്‍മ്മിക വിജയമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വിധിയെ സ്വാഗതം ചെയ്ത മമത, ശാരദാ ചിട്ടി തട്ടിപ്പുകേസില്‍ പ്രത്യേക അന്വേഷണസംഘ തലവനായ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന സുപ്രീംകോടതി വിധി തങ്ങളുടെ ധാര്‍മ്മിക വിജയമാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ഭാവിപരിപാടികള്‍ പ്രതിപക്ഷ നേതാക്കളുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനിക്കും. ഇത് തൃണമൂലിന്റെ മാത്രം സമരമല്ല. എല്ലാവരുടേതുമാണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും അവരുടേതായ അധികാര പരിധി ഉളള കാര്യം വിസ്മരിക്കരുത്. രാജ്യത്തിന്റെ ബിഗ്‌ബോസാണ് താന്‍ എന്ന മോദി ധരിക്കരുതെന്നും മമത ഓര്‍മ്മിപ്പിച്ചു. 

പശ്ചിമബംഗാളിലെ ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന രാജീവ് കുമാര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകണമെന്നാണ് സുപ്രിംകോടതി ഉത്തരവിട്ടത്. സിബിഐ അന്വേഷണവുമായി സഹകരിക്കണം. കോടതി അലക്ഷ്യവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. സിബിഐ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. 

ശാരദാ ചിട്ടി കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണറായ രാജീവ്കുമാറിന്റെ ഓഫീസില്‍ റെയ്ഡ് നടത്താന്‍ സിബിഐ എത്തിയതിന് പിന്നാലെ സംസ്ഥാനത്ത് നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. റെയ്ഡിന് എത്തിയ സിബിഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത് ദേശീയതലത്തില്‍ വരെ ചര്‍ച്ചാവിഷയമായി. സിബിഐയുടെ നടപടിയില്‍ പ്രതിഷേധിച്ച് മമത ബാനര്‍ജി കുത്തിയിരിപ്പ് സമരം ആരംഭിച്ചു. മമതയ്ക്ക് പിന്തുണയുമായി പ്രതിപക്ഷനേതാക്കള്‍ രംഗത്തുവന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com