എംപിയുടെ കാര്‍ ബാരിക്കേഡില്‍ ഇടിച്ചു, പാര്‍ലമെന്റില്‍ സൈറണ്‍, പരിഭ്രാന്തി 

അതീവ സുരക്ഷാ മേഖലയില്‍ നടന്ന സംഭവത്തില്‍ ദേശീയ തലസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു
എംപിയുടെ കാര്‍ ബാരിക്കേഡില്‍ ഇടിച്ചു, പാര്‍ലമെന്റില്‍ സൈറണ്‍, പരിഭ്രാന്തി 

ന്യൂഡല്‍ഹി: അതീവ സുരക്ഷാമേഖലയായ പാര്‍ലമെന്റില്‍ എംപിയുടെ കാര്‍ ബാരിക്കേഡില്‍ ഇടിച്ചു. മണിപ്പൂരില്‍ നിന്നുളള കോണ്‍ഗ്രസിന്റെ ലോക്‌സഭ എംപി ഡോ തോക്‌ച്ചോം മീന്യയുടെ കാറാണ് പാര്‍ലമെന്റ് പരിസരത്തെ ബാരിക്കേഡില്‍ ഇടിച്ചത്. ആര്‍ക്കും പരിക്കില്ല. എന്നാല്‍ അതീവ സുരക്ഷാ മേഖലയില്‍ നടന്ന സംഭവത്തില്‍ ദേശീയ തലസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.

പാര്‍ലമെന്റിന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ബാരിക്കേഡിലെ മുളളുവേലിയിലാണ് എംപിയുടെ കാര്‍ കുടുങ്ങിയത്. ഉടന്‍ തന്നെ സൈറണ്‍ മുഴങ്ങി. 2001ലെ പാര്‍ലമെന്റ് ഭീകരാക്രമണത്തിന് ശേഷം രൂപീകരിച്ച സുരക്ഷാ നടപടിക്രമങ്ങളുടെ  ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തി. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയുളള നടപടിയുടെ ഭാഗമായി സുരക്ഷാസേന മേഖലയില്‍ സുരക്ഷാകവചം തീര്‍ത്തു. 

ഈ സമയം കാറില്‍ എംപിയുണ്ടായിരുന്നില്ല. കാറിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചത് ഒഴിച്ച് മറ്റൊരു അനിഷ്ട സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും സംഭവത്തെ അതിവ ഗൗരവത്തോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണുന്നത്. അതിനാല്‍ തന്നെ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്തുകൊണ്ടാണ് ബാരിക്കേഡില്‍ കാര്‍ ഇടിക്കാനുളള സാഹചര്യമുണ്ടായി എന്നതിനെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. 

2018ലും സമാനമായ സംഭവമുണ്ടായിട്ടുണ്ട്. അന്ന് ഒരു ടാക്‌സി കാറാണ് ബാരിക്കേഡില്‍ ഇടിച്ചുകയറിയത്. 2001ലെ പാര്‍ലമെന്റ് ഭീകരാക്രമണത്തിന് ശേഷം മേഖലയിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com