ജനിക്കുന്ന കുഞ്ഞിന് ആശുപത്രിയില്‍ തന്നെ ഗ്രഹനില നോക്കി പേരിടല്‍; പുതിയ പദ്ധതിയുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍

ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആശുപത്രിയില്‍ വച്ച് തന്നെ പേര് നല്‍കുന്ന പദ്ധതിയുമായി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍
ജനിക്കുന്ന കുഞ്ഞിന് ആശുപത്രിയില്‍ തന്നെ ഗ്രഹനില നോക്കി പേരിടല്‍; പുതിയ പദ്ധതിയുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍

ജയ്പുര്‍: ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആശുപത്രിയില്‍ വച്ച് തന്നെ പേര് നല്‍കുന്ന പദ്ധതിയുമായി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. നവജാത ശിശുക്കളുടെ ജനന സമയത്തെ ഗ്രഹനില കണക്കാക്കി അതിന് യോജിക്കുന്ന തരത്തിലുള്ള പേര് ആശുപത്രിയില്‍ വച്ച് തന്നെ നല്‍കുന്നതാണ് പദ്ധതി. രാജീവ് ഗാന്ധി ജന്മപത്രി നാംകരണ്‍ യോജന എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ അശുപത്രികളിലും പദ്ധതി നടപ്പിലാക്കും. 

ആദ്യ ഘട്ടത്തില്‍ ജയ്പൂരിലെ അഞ്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ പദ്ധതി ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സെനാന, മഹിള ചികിത്സാലയ, കന്‍വാതിയ, ജയ്പുരിയ, സെതി കോളനി സാറ്റ്‌ലൈറ്റ് എന്നീ അഞ്ച് ആശുപത്രികളിലാണ് ഇത് നടപ്പിലാക്കുന്നത്. 

തുടക്കത്തില്‍ സൗജന്യമാക്കുന്ന പദ്ധതി പിന്നീട് മറ്റിടങ്ങളിലേക്ക് വ്യാപിപിക്കുമ്പോള്‍ പണം ഇടാക്കും. സംസ്ഥാനം മുഴുവന്‍ പദ്ധതി വരുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 51 രൂപയും സ്വകാര്യ ആശുപത്രികളില്‍ 101 രൂപയുമായിരിക്കും ഇതിന്റെ ഫീസ്. 16,728 സര്‍ക്കാര്‍ ആശുപത്രികളും 54 രജിസ്‌ട്രേഡ് സ്വകാര്യ ആശുപത്രികളുമാണ് രാജസ്ഥാനിലുള്ളത്. 

2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവരുടെ പ്രകടന പത്രികയില്‍ പറഞ്ഞ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്ന് സംസ്‌കൃത ഭാഷയുടെ ഉന്നമനമായിരുന്നു. സംസ്‌കൃത പഠനം പ്രോത്സാഹിപ്പിക്കുക, വേദാചാരങ്ങള്‍ പ്രചരിപ്പിക്കുക തുടങ്ങിയവും ഈ പദ്ധതി രൂപീകരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനം ഇത്തരമൊരു പദ്ധതിയിലൂടെ നടപ്പിലാക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

ജനുവരി മൂന്നിന് ചേര്‍ന്ന യോഗത്തിലാണ് ഇത്തരമൊരു ആശയം ജഗദ്ഗുരു രാമാനന്ദാചാര്യ രാജസ്ഥാന്‍ സംസ്‌കൃത സര്‍വകലാശാല മുന്നോട്ട് വച്ചത്. 

നവജാത ശിശുക്കളുടെ ജനന സമയം ഗണിക്കാന്‍ ആശുപത്രികളില്‍ ജ്യോതിഷികളെ നിയമിക്കും. ഇതുവഴി 3,000ത്തോളം പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാം. ജ്യോതിഷത്തില്‍ ബിരുദമോ, ഡിപ്ലോമയോ ഉള്ളവരും സര്‍ക്കാരിന്റെ അംഗീകാരം നേടിയവരുമായ ജ്യോതിഷികളെയാണ് നിയമിക്കേണ്ടതെന്നും യോഗത്തില്‍ സര്‍വകലാശാല വ്യക്തമാക്കി. ഇത്തരത്തില്‍ ഒരു കുട്ടിയുടെ ജനന സമയം ഗണിക്കുന്നതിന് ജ്യോതിഷിക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ 40 രൂപയും സ്വകാര്യ ആശുപത്രികളില്‍ 80 രൂപയും പ്രതിഫലമായി നല്‍കണമെന്നും അവര്‍ നിര്‍ദേശിച്ചു. 

ഇക്കാര്യത്തില്‍ സര്‍വകലാശാലയുടെ മേല്‍നോട്ടവുമുണ്ടാകും. കുട്ടിയുടെ ജനന സമയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളറിയാന്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ നിന്ന് അതിന്റെ മുഴുവന്‍ വിവരങ്ങളും മാതാപിതാക്കള്‍ക്ക് 200 രൂപയടച്ച് ഡൗണ്‍ലോഡ് ചെയ്യാം. സര്‍വകലാശാലയ്‌ക്കൊപ്പം ആരോഗ്യ, സാമൂഹിക നീതി, വിദ്യാഭ്യാസ വകുപ്പുകളും പദ്ധതിയില്‍ പങ്കാളികളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com