കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചു തളര്‍ന്നു; എത്ര ശ്രമിച്ചിട്ടും മനസ്സിലാക്കുന്നില്ലെന്ന് കെജരിവാള്‍

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ച് തളര്‍ന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജരിവാള്‍
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചു തളര്‍ന്നു; എത്ര ശ്രമിച്ചിട്ടും മനസ്സിലാക്കുന്നില്ലെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ച് തളര്‍ന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജരിവാള്‍. ചാന്ദ്‌നി ചൗക്കില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സഖ്യമുണ്ടാക്കുന്നതിന് കോണ്‍ഗ്രസിനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു ഞങ്ങള്‍ തളര്‍ന്നു. പക്ഷേ അവര്‍ക്ക് മനസ്സിലാകുന്നില്ല. ഒരു സഖ്യം രൂപീകരിച്ചു കഴിഞ്ഞാല്‍ ഡല്‍ഹിയില്‍ നിലവിലുള്ള ഏഴ് ലോക്‌സഭ സീറ്റുകളിലും ബിജെപി പരാജയപ്പെടും'- അദ്ദേഹം പറഞ്ഞു. 

എന്താണ് കോണ്‍ഗ്രസിന്റെ മനസ്സിലെന്ന് അറിയില്ലെന്ന് വ്യക്തമാക്കിയ കെജരിവാള്‍, കോണ്‍ഗ്രസ് എഎപിയെ പ്രതിരോധത്തിലാക്കാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു. പ്രതിപക്ഷ വോട്ടുകകള്‍ ഭിന്നിക്കാതെ നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നേരത്തെ, എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ വസതിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം പൊതുമിനിമം പരിപാടിയില്‍ യോജിപ്പിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയും കെജരിവാളും യോഗത്തില്‍ പങ്കെടുത്തിരുന്നു. 

ബിജെപിയെ പരാജയപ്പെടുത്താന്‍ ഒരുമിച്ച് നില്‍ക്കുമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി പൊതുമിനിമം പരിപാടിയില്‍ പാര്‍ട്ടികള്‍ തമ്മില്‍ യോജിപ്പില്‍ എത്തിയതായി സ്ഥിരീകരിച്ചു. യോഗം ഫലപ്രദമായിരുന്നുവെന്ന് അരവിന്ദ് കെജരിവാള്‍ പ്രതികരിച്ചിരുന്നു. 2015ല്‍ അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുളള പ്രാദേശിക പാര്‍ട്ടി ന്യൂഡല്‍ഹിയില്‍ അധികാരത്തില്‍ എത്തിയതുമുതല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും പരസ്പരം പോരടിച്ചുവരികയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com