ചിലര്‍ ജീവിക്കുന്നത് ഇന്ത്യയില്‍, സംസാരിക്കുന്നത് പാക് ഭാഷ: രൂക്ഷ പ്രതികരണവുമായി നരേന്ദ്രമോദി

മുംബൈ ഭീകരാക്രമണത്തിനു നേതൃത്വം നല്‍കിയവര്‍ക്കു മറുപടി നല്‍കാത്തവരാണ് ഇതിനും പിന്നിലെന്നും മോദി പറഞ്ഞു.
ചിലര്‍ ജീവിക്കുന്നത് ഇന്ത്യയില്‍, സംസാരിക്കുന്നത് പാക് ഭാഷ: രൂക്ഷ പ്രതികരണവുമായി നരേന്ദ്രമോദി

രാജസ്ഥാന്‍: ഇന്ത്യയില്‍ ജീവിക്കുന്ന ചിലര്‍ക്ക് പാക്കിസ്ഥാന്റെ ഭാഷയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ അധികാരത്തില്‍നിന്ന് നീക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും ഇവര്‍ പാക്കിസ്ഥാനില്‍ പോയി എന്തെങ്കിലും ചെയ്ത് മോദിയെ അധികാരത്തില്‍നിന്നു നീക്കണമെന്ന് ആവശ്യപ്പെടുകയുമാണെന്നും മോദി പറയുന്നു. രാജസ്ഥാനിലെ ടോങ്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

മുംബൈ ഭീകരാക്രമണത്തിനു നേതൃത്വം നല്‍കിയവര്‍ക്കു മറുപടി നല്‍കാത്തവരാണ് ഇതിനും പിന്നിലെന്നും മോദി പറഞ്ഞു. 'ഇതിനു മുന്‍പുള്ള സര്‍ക്കാരുകള്‍ വിതച്ച വിത്തുകളുടെ ഫലങ്ങളാണ് ഇപ്പോള്‍ കാണുന്നത്. എന്തൊക്കെയാണു പുറത്തുവരുന്നതെന്ന് നമുക്ക് കാണാന്‍ സാധിക്കും'- പ്രധാനമന്ത്രി പറഞ്ഞു. 

അതേസമയം, ജമ്മു കശ്മീരില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ച വിവരം അറിഞ്ഞിട്ടും പ്രധാനമന്ത്രി പരസ്യ ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണു പ്രധാനമന്ത്രിയുടെ വിമര്‍ശനമെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ കശ്മീരിനെ സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നാണ് മോദി പറഞ്ഞത്. കശ്മീരിനു വേണ്ടിയാണു പോരാട്ടമെന്നും കശ്മീരികള്‍ക്ക് എതിരെയല്ലെന്നും മോദി രാജസ്ഥാനില്‍ പറഞ്ഞു. ഭീകരവാദം മൂലം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചത് കശ്മീരികളാണ്. ആ സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ അവര്‍ക്കു പിന്തുണ നല്‍കുകയാണു വേണ്ടതെന്നും മോദി പറഞ്ഞു.

40 ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ആക്രമണത്തിനു ശേഷം രാജ്യമെമ്പാടും കശ്മീരികളെ ഒറ്റപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നതിനോടു പ്രതികരിക്കുകയായിരുന്നു മോദി. ഇത്തരം സംഭവങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി 10 സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com