റോ നല്‍കിയത് ആറ് കേന്ദ്രങ്ങളുടെ ലിസ്റ്റ് ; ആക്രമണം അറിഞ്ഞത് ഏഴുപേര്‍ മാത്രം ; മോദിയുടെ അനുമതി 18 ന് ; പാകിസ്ഥാനെ കുഴക്കിയത് വ്യോമസേനയുടെ തന്ത്രങ്ങള്‍

ഫെബ്രുവരി 22 മുതല്‍ വ്യോമസേനയുടെ വിമാനങ്ങള്‍ അതിര്‍ത്തിയില്‍ നിരീക്ഷണം തുടങ്ങി
റോ നല്‍കിയത് ആറ് കേന്ദ്രങ്ങളുടെ ലിസ്റ്റ് ; ആക്രമണം അറിഞ്ഞത് ഏഴുപേര്‍ മാത്രം ; മോദിയുടെ അനുമതി 18 ന് ; പാകിസ്ഥാനെ കുഴക്കിയത് വ്യോമസേനയുടെ തന്ത്രങ്ങള്‍

ന്യൂഡല്‍ഹി : പാകിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ ആക്രമിക്കാനുള്ള സൈന്യത്തിന്റെ പദ്ധതിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുമതി നല്‍കിയത് ഫെബ്രുവരി 18 ന്. ഫെബ്രുവരി 14 ന് പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനുള്ള പദ്ധതി തയ്യാറാക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. 

ഇതനുസരിച്ച് തിരിച്ചടിക്കായി ആറ് കേന്ദ്രങ്ങളുടെ ലിസ്റ്റാണ് നിരീക്ഷണം നടത്തിയ ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടന 'റോ' സമര്‍പ്പിച്ചത്. ഇതില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന പരിശീലന ക്യാമ്പായ ബാലാകോട്ട് പട്ടികയില്‍ പ്രഥമപരിഗണനയില്‍പ്പെട്ടിരുന്നു. ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ ഭാര്യസഹോദരനും ജെയ്‌ഷെയിലെ പ്രധാനിയുമായ യൂസഫ് അസ്ഹറുമായിരുന്നു ക്യാമ്പിന്റെ മുഖ്യചുമതലക്കാരന്‍.

ഫെബ്രുവരി 22 മുതല്‍ വ്യോമസേനയുടെ വിമാനങ്ങള്‍ അതിര്‍ത്തിയില്‍ നിരീക്ഷണം തുടങ്ങി. നിരന്തരമായി അതിര്‍ത്തിയില്‍ പറന്ന് പാക് സൈന്യത്തെ അസ്വസ്ഥ്യമാക്കിയതിനോടൊപ്പം ജെയ്‌ഷെ കേന്ദ്രങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ഇന്ത്യൻ ആക്രമണം ഭയന്ന് അതിർത്തിയിലെ ഭീകരരെ ബാലാകോട്ടെ ജെയ്ഷെ മുഹമ്മദിന്റെ അത്യാധുനിക പരിശീലന ക്യാമ്പിലേക്ക് മാറ്റുന്നതായും രസഹ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. ബാലകോട്ടിലെ ഭീകരകേന്ദ്രങ്ങളില്‍ മുന്നൂറിലേറെ ഭീകരരുടെ സാന്നിധ്യം ഉറപ്പുവരുത്തി. തുടര്‍ന്ന് ഫെബ്രുവരി 25-ന് വൈകിട്ടോടെ ബാലാകോട്ട് അടക്കമുള്ള പാക് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരേ വ്യോമക്രമണം നടത്താന്‍ തീരുമാനമെടുത്തു. 

ആക്രമണപദ്ധതി ഏഴുപേർക്ക് മാത്രമാണ് അറിയാമായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കര-വ്യോമ-നാവിക സേനാ മേധാവികള്‍, റോ, ഇന്റലിജൻസ് ബ്യൂറോ മേധാവികള്‍ എന്നിവരാണ് വ്യോമാക്രമണം ആസൂത്രണം ചെയ്തത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വ്യോമാക്രമണം നടത്തുമെന്ന് തിങ്കളാഴ്ച വൈകിട്ടോടെയാണ് പ്രധാനമന്ത്രിയെ അറിയിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച രാത്രി മുഴുവന്‍ മോദി സേനാമേധാവികളുമായി നിരന്തരം ചര്‍ച്ച ചെയ്യുകയും നീക്കങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തു. ഇതിനിടെ പാകിസ്ഥാന്‍ തിരിച്ചടിക്കുകയാണെങ്കില്‍ എങ്ങനെ പ്രത്യാക്രമണം നടത്തണമെന്നതിലും തീരുമാനമെടുത്തു.  

ഫെബ്രുവരി 26 അര്‍ധരാത്രി ഒന്നരയോടെയാണ് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ ലക്ഷ്യസ്ഥാനത്തേക്ക് യാത്രതിരിച്ചത്. ഗ്വാളിയോര്‍ ബേസ് ക്യാമ്പില്‍നിന്ന് മിറാഷ് വിമാനങ്ങളും മറ്റുബേസുകളില്‍നിന്ന് അകമ്പടിയായി സുഖോയ് വിമാനങ്ങളും ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങി. പുലര്‍ച്ചെ മൂന്നരയോടെ പാക്ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് ലക്ഷ്യം പൂര്‍ത്തീകരിച്ചശേഷം ഈ വിമാനങ്ങളെല്ലാം സുരക്ഷിതമായി തിരിച്ചെത്തി. ഓപ്പേറഷന്‍ പൂര്‍ത്തിയാകുന്നത് വരെ സേനാമേധാവികളും പ്രധാനമന്ത്രിയും ഉറക്കമൊഴിച്ച് കാര്യങ്ങള്‍ നിരീക്ഷിച്ചു.

മിറാഷ് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു വ്യോമസേനയുടെ മിന്നലാക്രമണം. അകമ്പടിയായി സുഖോയ് വിമാനങ്ങളും ദൗത്യത്തില്‍പങ്കുചേര്‍ന്നു. മിറാഷ് വിമാനങ്ങള്‍ തകര്‍ക്കപ്പെടുകയാണെങ്കില്‍ അതിനെ പ്രതിരോധിക്കാനും തിരിച്ചടിക്കാനുമായിരുന്നു സുഖോയ് വിമാനങ്ങളും അകമ്പടിസേവിച്ചത്. ഒരു കാരണവശാലും ഇന്ത്യൻ വിമാനങ്ങൾക്ക് നാശമുണ്ടാകരുതെന്നും, അവ സുരക്ഷിതമായി രാജ്യത്ത് തിരിച്ചെത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. ​ഗ്വാളിയോറിൽ നിന്നായിരുന്നു മിറാഷ് പോർ വിമാനങ്ങൾ പറന്നുയർന്നത്. പാക് സൈന്യം അറിയും മുമ്പ് ഓപ്പറേഷൻ പൂർത്തിയാക്കി വ്യോമസേന രാജ്യത്ത് തിരിച്ചെത്തുകയും ചെയ്തു. 

ഇതിനിടെ ബാലാകോട്ടിലെ ഭീകര ക്യാമ്പില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 42 ജെയ്‌ഷെ ഭീകരരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com