കൂടെനിന്നാല്‍ എല്ലാവര്‍ക്കും കൊളളാം; മറിച്ചാണെങ്കില്‍ തോല്‍പ്പിക്കുക തന്നെ ചെയ്യും; ശിവസേനയ്ക്ക് താക്കീതുമായി അമിത് ഷാ 

ആസന്നമായ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശിവസേനക്ക് പരോക്ഷ മുന്നറിയിപ്പുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ
കൂടെനിന്നാല്‍ എല്ലാവര്‍ക്കും കൊളളാം; മറിച്ചാണെങ്കില്‍ തോല്‍പ്പിക്കുക തന്നെ ചെയ്യും; ശിവസേനയ്ക്ക് താക്കീതുമായി അമിത് ഷാ 

മുംബൈ: ആസന്നമായ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശിവസേനക്ക് പരോക്ഷ മുന്നറിയിപ്പുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. തങ്ങളുമായി സഖ്യത്തിലാണെങ്കില്‍ സഖ്യകക്ഷികളുടെ വിജയം പാര്‍ട്ടി ഉറപ്പാക്കും. അല്ലാത്തപക്ഷം മുന്‍ സഖ്യമായാലും വരുന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്നും ശിവസേനയെ പേരെടുത്ത് പറയാതെ അമിത് ഷാ പറഞ്ഞു.

മഹാരാഷ്ട്രയില്‍ 48ല്‍ 40 സീറ്റിലും ബിജെപി വിജയമുറപ്പിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡനാവിസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രസ്താവന. എന്നാല്‍ ആരുടെ വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയ്യാറാണെന്നായിരുന്നു ശിവസേന ഇതിനോട് പ്രതികരിച്ചത്.

മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ നടന്ന പാര്‍ട്ടി പരിപാടികളില്‍ ഫഡ്‌നാവിസിനൊപ്പം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അമിത് ഷാ ശിവസേനയ്‌ക്കെതിരെ ആഞ്ഞടിച്ചത്. സഖ്യസാധ്യതകളെ കുറിച്ച് ഓര്‍ത്ത് പ്രവര്‍ത്തകര്‍ ഉത്കണ്ഠപ്പെടേണ്ടതില്ല. മറ്റു പാര്‍ട്ടികള്‍ തങ്ങളുമായി സഖ്യത്തില്‍ ഏര്‍പ്പെടാന്‍ മുന്നോട്ടുവന്നാല്‍, അവരുടെ വിജയം ഉറപ്പാക്കും. അല്ലാത്ത പക്ഷം അവരെ തോല്‍പ്പിക്കുമെന്ന് അമിത് ഷാ മുന്നറിയിപ്പ് നല്‍കി. എല്ലാ ബൂത്തുകളിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ പ്രവര്‍ത്തകര്‍ക്ക് അമിത് ഷാ നിര്‍ദേശം നല്‍കി. 

200 വര്‍ഷം രാജ്യം അടിമത്വത്തിലായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തങ്ങളുടെ ആശയങ്ങള്‍ 50 വര്‍ഷം ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ബിജെപി 2014ല്‍ 73 സീറ്റുകള്‍ നേടിയിട്ടുണ്ട്. ഇത്തവണ ബിഎസ്പിയും എസ്പിയും കൈകോര്‍ത്തിരിക്കുന്നു. എന്നാല്‍ ബിജെപി 74 സീറ്റിലായിരിക്കും ഇത്തവണ ജയിക്കുകയെന്നും ഷാ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com