അയോധ്യ കേസ് അഞ്ചം​ഗ ഭരണഘടനബെഞ്ചിന് ; വാദം കേൾക്കൽ തീയതി വ്യാഴാഴ്ച തീരുമാനിക്കും

അഞ്ചം​ഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊ​ഗോയ് ഉത്തരവ് പുറപ്പെടുവിച്ചു
അയോധ്യ കേസ് അഞ്ചം​ഗ ഭരണഘടനബെഞ്ചിന് ; വാദം കേൾക്കൽ തീയതി വ്യാഴാഴ്ച തീരുമാനിക്കും

ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസ് സുപ്രിംകോടതിയുടെ ഭരണഘടനാബെഞ്ചിന്. അഞ്ചം​ഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊ​ഗോയ് ഉത്തരവ് പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസിന് പുറമെ, ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, എൻവി രമണ, യുയു ലളിത്, ഡിവൈ ചന്ദ്രചൂഡ് എന്നിവരാണ് ബെഞ്ചിലുള്ളത്. കേസിൽ ജനുവരി 10 ന് വാദം കേൾക്കൽ തീയതി പ്രഖ്യാപിക്കുമെന്ന്  ചീഫ് ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

അയോധ്യാ ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് നേരത്തെ തള്ളിയിരുന്നു. അയോധ്യാ ഹര്‍ജികള്‍ വേഗത്തില്‍ തീര്‍പ്പാക്കണം എന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഹരിനാഥ് റാം നല്‍കിയ പൊതുതാതപര്യ ഹര്‍ജിയാണ് സുപ്രിം കോടതി തള്ളിയത്. കേസ് എന്നു കേള്‍ക്കണം എന്ന കാര്യത്തില്‍ ഉചിതമായ ബെഞ്ച് പത്തിനു തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസും ജസ്റ്റിസ് എസ്‌കെ കൗളും അടങ്ങുന്ന ബെഞ്ച് അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, രാജീവ് ധവാന്‍ തുടങ്ങിയവര്‍ വിവിധ കക്ഷികള്‍ക്കു വേണ്ടി ഹാജരായിരുന്നെങ്കിലും വാദത്തിന് അവസരമുണ്ടായില്ല. മുപ്പതു സെക്കന്‍ഡ് മാത്രമാണ് നടപടികള്‍ നീണ്ടത്. 

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് വിവിധ ഹിന്ദു സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിനിടെയാണ് സുപ്രിം കോടതി കേസ് മാറ്റിവച്ചിരിക്കുന്നത്. അയോധ്യാ കേസില്‍ സമയബന്ധിതമായി വാദം കേള്‍ക്കണമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

കോടതി നടപടികള്‍ പൂര്‍ത്തിയായശേഷം സര്‍ക്കാര്‍ അതിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുമെന്നാണ് ക്ഷേത്ര നിര്‍മാണ ഓര്‍ഡിനന്‍സ് ഇറക്കുമോയെന്ന ചോദ്യത്തിനു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നല്‍കിയ മറുപടി. കേസ് വേഗത്തില്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍പക്ഷത്തു നിന്ന് പരസ്യപ്രസ്താവനകളിലൂടെ സമ്മര്‍ദമുണ്ട്.

അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് 2010 സെപ്റ്റംബര്‍ 30നു നല്‍കിയ വിധിക്കെതിരെയുള്ള അപ്പീലുകളാണു സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. അയോധ്യയിലെ 2.27 ഏക്കര്‍ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്നാണ് ഹൈക്കോടതി വിധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com