സര്‍ക്കാരുണ്ടാക്കാന്‍ തയ്യാര്‍, യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി; സിദ്ധരാമയ്യക്ക് വേണ്ടി കോണ്‍ഗ്രസ് വിമതര്‍

കര്‍ണാടകയില്‍ പതിനൊന്ന് ഭരണകക്ഷി എംഎല്‍എമാര്‍ രാജിക്കത്ത് സമര്‍പ്പിച്ചതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി ബിജെപി
സര്‍ക്കാരുണ്ടാക്കാന്‍ തയ്യാര്‍, യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി; സിദ്ധരാമയ്യക്ക് വേണ്ടി കോണ്‍ഗ്രസ് വിമതര്‍


ബെംഗലൂരു: കര്‍ണാടകയില്‍ പതിനൊന്ന് ഭരണകക്ഷി എംഎല്‍എമാര്‍ രാജിക്കത്ത് സമര്‍പ്പിച്ചതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി ബിജെപി രംഗത്ത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സദാനന്ദ ഗൗഡ വ്യക്തമാക്കി. 

ഗവര്‍ണറാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ഭരണഘടന അനുസരിച്ച് തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചാല്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 105 അംഗങ്ങളുമായി തങ്ങളാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മന്ത്രി ഡികെ ശിവകുമാര്‍ എംഎല്‍എമാരുടെ രാജിക്കത്ത് കീറിക്കളഞ്ഞു എന്നാരോപിച്ച് ബിജെപി നേതാവ് യെദ്യൂരപ്പ രംഗത്തെത്തി. സ്പീക്കറുടെ ഓഫീസില്‍ വെച്ച് ശിവകുമാര്‍ രാജിക്കത്ത് കീറിക്കളഞ്ഞുവെന്ന് അദ്ദേഹം ആരോപിച്ചു.

അതേസമയം, സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാല്‍ തങ്ങള്‍ തിരികെവരാമെന്ന് മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. എംഎല്‍എമാരുടെ രാജിനീക്കത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. രാജി നല്‍കിയ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഡികെ ശിവകുമാറിന്റെ വസിതിയിലെത്തി. മുന്‍മന്ത്രി രാമലിംഗ റെഡ്ഡിയെ ശിവകുമാറിന്റെ നിര്‍ദേശപ്രകാരം ഹോട്ടലിലേക്ക് മാറ്റി. 

കര്‍ണാടകയില്‍ പതിനൊന്ന് ഭരണകക്ഷി എംഎല്‍എമാര്‍ രാജിക്കത്ത് നല്‍കിയതോടെ കുമാരസ്വാമി സര്‍ക്കാരിന്റെ ഭാവി പ്രതിസന്ധിയിലായി. പതിനൊന്ന് പേര്‍ രാജിക്കത്ത് നല്‍കിയത് സ്പീക്കര്‍ രമേഷ് കുമാര്‍ സ്ഥിരീകരിച്ചു. സ്പീക്കര്‍ സ്ഥലത്തില്ലാത്തതിനാല്‍ സെക്രട്ടറിക്കാണ് ഇവര്‍ രാജിക്കത്ത് നല്‍കിയത്. ഇതിന് പിന്നാലെ ആറ് എംല്‍എമാര്‍ ഗവര്‍ണറെ കാണാന്‍ രാജ് ഭവനിലെത്തി. കോണ്‍ഗ്രസിലെയും ജെഡിഎസിലെയും മൂന്നുപേര്‍ വീതമാണ് ഗവര്‍ണറെ കാണാനെത്തയത്. എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് രാജിക്കത്ത് നല്‍കിയത്.

ആരും രാജിവച്ചിട്ടില്ലെന്ന് മുതിര്‍ന്ന നേതാവും മന്ത്രിയുമായ ഡികെ ശിവകുമാര്‍ പറഞ്ഞതിന് പിന്നാലെയാണ് എംഎല്‍എമാര്‍ രാജിക്കത്ത് സമര്‍പ്പിച്ചിതായി സ്പീക്കര്‍ സ്ഥിരീകരിച്ചത്. നേതാക്കളെ അനുനയിപ്പിക്കാന്‍ ഡികെ ശിവകുമാറിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കോണ്‍ഗ്രസ് എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കര്‍ണാടകയിലേക്ക് തിരിച്ചിട്ടുണ്ട്. 

അതിനിടെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി പരമേശ്വര തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഇപ്പോള്‍ വിദേശത്താണ്. 
കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിങ്, രമേഷ് ജാര്‍ക്കിഹോളി എന്നിവര്‍ നേരത്തെ രാജിവെച്ചിരുന്നു. ഇതോടെ ഭരണമുന്നണിയുടെ അംഗബലം 116 ആയി ചുരുങ്ങിയിരുന്നു. 113 ആണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ട കേവല ഭൂരിപക്ഷം. 224 അംഗ സഭയില്‍ കോണ്‍ഗ്രസിന് ആനന്ദ് സിങും ജാര്‍ക്കിഹോളിയും അടക്കം 79 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ജെഡിഎസിന് 37 പേരും. ബിജെപിക്ക് 105 എംഎല്‍എമാരുമാണുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com