വിവാഹത്തിന് മുന്‍പ് എച്‌ഐവി പരിശോധന നിര്‍ബന്ധം; നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍

വിവാഹത്തിന് മുന്‍പ് എച്‌ഐവി പരിശോധന നിര്‍ബന്ധം; നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍

വിവാഹങ്ങള്‍ രജിസ്ട്രര്‍ ചെയ്യുന്നതിന് എച്‌ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നത്

പനാജി: വിവാഹത്തിന് മുന്‍പ് എച്‌ഐവി പരിശോധന നിര്‍ബന്ധമായും നടത്തണമെന്ന നിയമം പ്രാബല്യത്തിലാക്കാന്‍ ഒരുങ്ങി ഗോവ സര്‍ക്കാര്‍. വിവാഹങ്ങള്‍ രജിസ്ട്രര്‍ ചെയ്യുന്നതിന് എച്‌ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. നേരത്തെ 2006ലും ഇത്തരമൊരു നിയമം കൊണ്ടു വരാനുള്ള ശ്രമം അന്നത്തെ സര്‍ക്കാര്‍ നടത്തിയിരുന്നു. 

ഇക്കാര്യത്തില്‍ നിയമ നിര്‍മാണം നടത്താന്‍ നിയമ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടതായി ആരോഗ്യ മന്തി വിശ്വജിത് റാണെ വ്യക്തമാക്കി. പൊതുജനങ്ങളുടെ താത്പര്യം പരിഗണിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിയമ മന്ത്രിയോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ പൊതുജനാരോഗ്യ നിയമമായി ഇത് അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്. ചെറിയ സംസ്ഥാനമായ ഗോവ ഇക്കാര്യത്തില്‍ മാതൃകാപരമായ നീക്കമാണ് നടത്തുന്നതെന്നും മന്ത്രി അവകാശപ്പെട്ടു. 

എച്‌ഐവി പരിശോധന പോലെ വിവാഹത്തിന് മുന്‍പ് രക്ത സംബന്ധ അസുഖമായ തലിസീമിയ പരിശോധനയും നടത്തുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാനും ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു. ഇത്തരം അസുഖം ബാധിക്കുന്ന കുട്ടികളുടെ എണ്ണം കൂടുന്നത് കണക്കിലെടുത്താണ് തീരുമാനം. അതിവേഗം വളരുന്ന ഗോവ സംസ്ഥാനത്തെ സംബന്ധിച്ച് ഈ രണ്ട് പരിശോധനകളും വിവാഹത്തിന് മുന്‍ നടത്താമെന്ന നിയമം നടപ്പിലാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com