വിവാഹം കഴിക്കാത്ത സ്ത്രീകള്‍ മൊബൈല്‍ ഉപയോഗിക്കേണ്ട, പ്രണയവിവാഹം കുറ്റകരം; പുതിയ നിയമങ്ങളുമായി താക്കൂര്‍ സമുദായം

പെണ്‍കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്നതുകണ്ടാല്‍ മാതാപിതാക്കളില്‍ നിന്ന് ഒന്നര ലക്ഷം രൂപയാണ് പിഴ ഈടാക്കുക
വിവാഹം കഴിക്കാത്ത സ്ത്രീകള്‍ മൊബൈല്‍ ഉപയോഗിക്കേണ്ട, പ്രണയവിവാഹം കുറ്റകരം; പുതിയ നിയമങ്ങളുമായി താക്കൂര്‍ സമുദായം

ഗാന്ധിനഗര്‍; അവിവാഹിതരായ സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി താക്കൂര്‍ സമുദായം. ഇതു കൂടാതെ പ്രണയിച്ച് വിവാഹം കഴിക്കുന്നതിനേയും കുറ്റകരമാക്കി. ഇത് ലംഘിക്കുന്നവര്‍ക്ക് വലിയ ശിക്ഷ വിധിക്കാനും തീരുമാനമായി. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ താക്കൂര്‍ സമുദായക്കാരാണ് വിലക്കേര്‍പ്പെടുത്തിയത്. 

അവിവാഹിതകളായ സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുത്. ഇവരുടെ പക്കല്‍നിന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയാല്‍ മാതാപിതാക്കളായിരിക്കും ഉത്തരവാദികള്‍. പെണ്‍കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്നതുകണ്ടാല്‍ മാതാപിതാക്കളില്‍ നിന്ന് ഒന്നര ലക്ഷം രൂപയാണ് പിഴ ഈടാക്കുക. ജലൂലില്‍ ഗ്രാമത്തില്‍ കൂടിയ യോഗത്തിലാണ് തീരുമാനം.

കൂടാതെ പ്രണയവിവാഹത്തെ കുറ്റകൃത്യമായി കണക്കാക്കാനും സമുദായ അംഗങ്ങള്‍ തീരുമാനമെടുത്തു. സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്ന ചെറുപ്പക്കാരുടെ മാതാപിതാക്കള്‍ക്ക് ഒന്നരലക്ഷം മുതല്‍ രണ്ടുലക്ഷം വരെ പിഴ ഈടാക്കാനും സമുദായത്തിലെ മുതിര്‍ന്നവര്‍ പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ജില്ലയിലെ പതിനൊന്നോളം ഗ്രാമങ്ങളിലാകും പ്രത്യേക ഭരണഘടന നിലവില്‍ വരിക. 

താക്കൂര്‍ സമുദായത്തിന്റെ തീരുമാനത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ വിലക്കുന്ന തീരുമാനത്തോട് യോജിക്കാനാവില്ല എന്നാണ് താക്കൂര്‍ സമുദായ നേതാവും കോണ്‍ഗ്രസ് മുന്‍ എംഎല്‍എയുമായ അല്‍പേഷ് താക്കൂര്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ തെറ്റൊന്നും ഇല്ലെന്നാണ് കോണ്‍ഗ്രസ് എംഎല്‍എ ഗാനിബെന്‍ താക്കൂറിന്റെ നിലപാട്. പെണ്‍കുട്ടികള്‍ സാങ്കേതിക വിദ്യയില്‍ നിന്ന് ദൂരം പാലിക്കണമെന്നും പഠനത്തിന് വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കണമെന്നുമാണ് അദ്ദേഹം പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com