പാര്‍ട്ടി അംഗങ്ങളുടെ ക്വാട്ട തികയ്ക്കാന്‍ സ്‌കൂള്‍ കുട്ടികള്‍; അംഗത്വ വിതരണം സ്‌കൂളില്‍; ബിജെപി എംഎല്‍എ വിവാദത്തില്‍

പാര്‍ട്ടി അംഗങ്ങളുടെ ക്വാട്ട തികയ്ക്കാന്‍ സ്‌കൂള്‍ കുട്ടികള്‍; അംഗത്വ വിതരണം സ്‌കൂളില്‍; ബിജെപി എംഎല്‍എ വിവാദത്തില്‍
സ്‌കൂളില്‍ നടന്ന ബിജെപി അംഗത്വ വിതരണ പരിപാടി
സ്‌കൂളില്‍ നടന്ന ബിജെപി അംഗത്വ വിതരണ പരിപാടി

ചന്ദൗലി (യുപി): പാര്‍ട്ടി അംഗങ്ങളാക്കുന്നതിന് നിശ്ചയിച്ച ക്വാട്ട തികയ്ക്കാന്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശിലെ ചന്ദൗലിയില്‍നിന്നുള്ള എംഎല്‍എ സുശീല്‍ സിങ് ആണ് അംഗത്വം തികയ്ക്കാന്‍ എളുപ്പവഴി കണ്ടെത്തിയത്. 

അംഗത്വ ഫോം പൂരിപ്പിച്ചു തരാനും പാര്‍ട്ടി ചിഹ്നം പതിപ്പിച്ച ഷാള്‍ പുതയ്ക്കാനും കുട്ടികളോട് ആവശ്യപ്പെടുകയാണ് സുശീല്‍ സിങ് ചെയ്യുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളെക്കൊണ്ട് പാര്‍ട്ടി പ്രതിജ്ഞ ചൊല്ലിക്കുന്നുമുണ്ട്. 

ക്ലാസ് മുറിയിലെത്തി കുട്ടികളെ ബിജെപിയിലേക്കു സ്വാഗതം ചെയ്യുന്ന സുശീല്‍ സിങ്ങിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ക്ലാസ് സമയത്താണ് ബിജെപിയുടെ അംഗത്വ പരിപാടി സ്‌കൂളില്‍ സംഘടിപ്പിച്ചത്. സുശീല്‍ സിങ് ഈ പ്രദേശത്തെ ശക്തനാണെന്നും അതുകൊണ്ട് ആരും ചോദ്യം ചെയ്യാന്‍ നില്‍ക്കില്ലെന്നുമാണ് ഇതിനെക്കുറിച്ച് അധ്യാപകരുടെ പ്രതികരണം. അധോലോകത്തില്‍നിന്നു രാഷ്ട്രീയത്തില്‍ എത്തിയ ബ്രജേഷ് സിങ്ങിന്റെ മരുമകനാണ് സുശീല്‍ സിങ്.

ഓരോ നേതാക്കളും പാര്‍ട്ടിയില്‍ ചേര്‍ക്കേണ്ട അംഗങ്ങളുടെ ക്വാട്ട ബിജെപി നിശ്ചയിച്ചുനല്‍കിയിട്ടുണ്ട്. ഇതു തികയ്ക്കാന്‍ നേതാക്കള്‍ ഇത്തരം ചെപ്പടിവിദ്യകള്‍ കാണിക്കുകയാണെന്നാണ് വിമര്‍ശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com