ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറിയാവും; നേതൃത്വത്തില്‍ ധാരണ

ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറിയാവും; നേതൃത്വത്തില്‍ ധാരണ
ഡി രാജ
ഡി രാജ

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍നിന്നുള്ള നേതാവ് ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറിയാവും. അനാരോഗ്യം ചൂണ്ടിക്കാട്ടി എസ് സുധാകര്‍ റെഡ്ഡി സ്ഥാനമൊഴിയുന്നതിനെത്തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ നിയോഗിക്കുന്നത്. 

ലോക്‌സഭ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെയാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ സുധാകര്‍ റെഡ്ഡി താല്‍പര്യം അറിയിച്ചത്. മൂന്നു ടേം തികയ്ക്കാന്‍ രണ്ടു വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് റെഡ്ഡിയുടെ തീരുമാനം. റെഡ്ഡി ഒഴിയുന്നതു കണക്കിലെടുത്ത് പുതിയ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കുന്നതിനുള്ള സിപിഐ നേതൃയോഗങ്ങള്‍ക്കു തുടക്കമായി. ദേശീയ നിര്‍വാഹക സമിതി, ദേശീയ കൗണ്‍സില്‍ യോഗങ്ങള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

ഡി രാജയെ ജനറല്‍ സെക്രട്ടറിയാക്കാന്‍ ദേശീയ നേതൃത്വത്തില്‍ ധാരണയായതായാണ് സൂചനകള്‍. ഇതു സംബന്ധിച്ച നേതാക്കള്‍ക്കിടയില്‍ അനൗപചാരിക ചര്‍ച്ചകള്‍ നടന്നു. അതേസമയം കേരള ഘടകത്തിന് രാജയോട് താത്പര്യമില്ലെന്നു റിപ്പോര്‍ട്ടുകളുണ്ട്. അമര്‍ജീത് കൗറിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്നാണ് കേരള നേതൃത്വം ആവശ്യപ്പെടുന്നത്. എന്നാല്‍ അമര്‍ജിത്തിനെ സെക്രട്ടറിയാക്കണമെന്ന ആവശ്യത്തില്‍ കേരള ഘടകം ഉറച്ചുനില്‍ക്കില്ലെന്നാണ് സൂചന. ജനറല്‍ സെക്രട്ടറിയെ ഏകകണ്ഠമായി തെരഞ്ഞെടുക്കണമന്ന താത്പര്യം നേതാക്കള്‍ക്കുണ്ട്. 

തമിഴ്‌നാട്ടില്‍നിന്നുള്ള നേതാവായ ഡി രാജ ഏറെക്കാലമായി ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ദീര്‍ഘകാലം രാജ്യസഭാംഗമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com