ഇറാന്റെ പിടിയിലുള്ള ബ്രിട്ടീഷ് കപ്പലിൽ മലപ്പുറം സ്വദേശിയും ; 18 ഇന്ത്യാക്കാരിൽ നാലു മലയാളികൾ ; നയതന്ത്ര നീക്കം തുടങ്ങിയെന്ന് മന്ത്രി മുരളീധരൻ

18 ഇന്ത്യാക്കാര്‍ അടക്കം 23 പേരാണ് കപ്പലിലുള്ളത്. സമുദ്ര നിയമം ലംഘിച്ചു എന്നാരോപിച്ചാണ് ബ്രിട്ടീഷ് എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തത് 
ഇറാന്റെ പിടിയിലുള്ള ബ്രിട്ടീഷ് കപ്പലിൽ മലപ്പുറം സ്വദേശിയും ; 18 ഇന്ത്യാക്കാരിൽ നാലു മലയാളികൾ ; നയതന്ത്ര നീക്കം തുടങ്ങിയെന്ന് മന്ത്രി മുരളീധരൻ

ടെഹ്‌റാന്‍ : രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മലപ്പുറം സ്വദേശിയും. മലപ്പുറം വണ്ടൂർ സ്വദേശി അജ്മൽ എന്നയാളും കപ്പലിലുണ്ടെന്ന വാർത്തകൾ പുറത്തുവന്നു. ഇതോടെ അജ്മലും എറണാകുളം സ്വദേശികളായ മൂന്നുപേരും ഉൾപ്പെടെ നാലുപേർ കപ്പലിലുള്ളതായാണ് റിപ്പോർട്ടുകൾ. അജ്മലിനെ കൂടാതെ, കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചനും, തൃപ്പൂണിത്തുറ, പള്ളുരുത്തി സ്വദേശികളുമാണ് കപ്പലിലുള്ളത്. 

കപ്പലിലെ മെസ് മാനാണ് ഡിജോ പാപ്പച്ചന്‍.  കപ്പലിന്റെ കപ്പിത്താൻ മലയാളിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 18 ഇന്ത്യാക്കാര്‍ അടക്കം 23 പേരാണ് കപ്പലിലുള്ളത്. ഇറാന്റെ ബന്ദറുക്ക തുറമുഖത്താണ് കപ്പിലിലുള്ളത്. കപ്പലിലുള്ളവരെ ഇറാന്‍ തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. സമുദ്ര നിയമം ലംഘിച്ചു എന്നാരോപിച്ചാണ് സ്‌റ്റെനാ ഇംപെറോയെന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍ കഴിഞ്ഞ ദിവസം ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്തത്. 

സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്ത ബ്രിട്ടീഷ് കപ്പലാണ് ഇറാന്റെ കസ്റ്റഡിയിലുള്ളത്. രാജ്യാന്തര നിയമങ്ങള്‍ പാലിച്ചാണ് കപ്പല്‍ പ്രവര്‍ത്തിക്കുന്നതെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും കപ്പലിന്റെ ഉടമകളായ കമ്പനി അറിയിച്ചു. കപ്പലിൽ മലയാളികൾ ഉള്ളതായി വിദേശകാര്യമന്ത്രാലയത്തിന് ഔദ്യോ​ഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. കപ്പലിലുള്ളവരുടെ പട്ടിക സർക്കാരിന് ലഭിച്ചിട്ടില്ല. എന്നാല്‍ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇറാനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരെ മോചിപ്പിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.  കപ്പലിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും മന്ത്രി വി മുരളീധരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com