അധികാരത്തിലിരുന്നപ്പോള്‍ ബിജെപിയെക്കാള്‍ ഭയങ്കരര്‍, ഇപ്പോള്‍ മുസ്‌ലിംകളുടെ വല്ല്യേട്ടന്‍ ചമയുന്നു: കോണ്‍ഗ്രസിനെതിരെ ഒവൈസി

കേന്ദ്രസര്‍ക്കാരിന്റെ യുഎപിഎ ഭേദഗതി ബില്ലിന് കാരണം കോണ്‍ഗ്രസ് ആണെന്ന് എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസി
അധികാരത്തിലിരുന്നപ്പോള്‍ ബിജെപിയെക്കാള്‍ ഭയങ്കരര്‍, ഇപ്പോള്‍ മുസ്‌ലിംകളുടെ വല്ല്യേട്ടന്‍ ചമയുന്നു: കോണ്‍ഗ്രസിനെതിരെ ഒവൈസി

കേന്ദ്രസര്‍ക്കാരിന്റെ യുഎപിഎ ഭേദഗതി ബില്ലിന് കാരണം കോണ്‍ഗ്രസ് ആണെന്ന് എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസി. നിയമം കൊണ്ടുവന്ന കോണ്‍ഗ്രസാണ് യഥാര്‍ത്ഥ പ്രതികള്‍. അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് ബിജെപിയെക്കാള്‍ ഭയങ്കരരായിരുന്നു. അധികാരം നഷ്ടപ്പെട്ടപ്പോള്‍, അവര്‍ മുസ്‌ലിംകളുടെ വല്ല്യേട്ടന്‍മാരായി- അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. 

ഭീകരവാദം സംശയിക്കുന്ന വ്യക്തികളെക്കൂടി ഭീകരരായി പ്രഖ്യാപിക്കാന്‍ എന്‍ഐഎയ്ക്ക് അധികാരം നല്‍കുന്ന ബില്ലാണ് യുഎപിഎ നിയമഭേദഗതി ബില്ല്. വിവിധ സംസ്ഥാനങ്ങളിലുള്ള ഭീകരരുടെ സ്വത്തുക്കള്‍ കണ്ടുകെത്താന്‍ സര്‍ക്കാരിന് കഴിയുന്നതാണ് ബില്ലെന്ന് ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു. 

നേരത്തെ, എന്‍ഐഎ ബില്‍ ഭേദഗതി ചര്‍ച്ചക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷായും ഒവൈസിയും തമ്മില്‍ ലോക്‌സഭയില്‍ വാക്കേറ്റമുണ്ടായിരുന്നു. ബിജെപി എംപി സത്യപാല്‍ സിങിന്റെ പ്രസംഗത്തിനിടെ ചോദ്യമുയര്‍ത്തിയ ഒവൈസിക്കെതിരെ അമിത് ഷാ വിരല്‍ ചൂണ്ടി സംസാരിച്ചതാണ് ഒവൈസിയെ ചൊടിപ്പിച്ചത്. താങ്കള്‍ വിരല്‍ ചൂണ്ടി സംസാരിച്ചാല്‍ താന്‍ പേടിച്ചു പോകില്ലെന്ന് ഒവൈസി പറഞ്ഞു. നിങ്ങളുടെ മനസില്‍ ഭയമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് എന്തു ചെയ്യാനാകുമെന്ന് അമിത് ഷാ തിരിച്ചടിച്ചു. 

ഭരണപക്ഷവും പ്രതിപക്ഷവുമായുള്ള വാഗ്വാദങ്ങള്‍ക്കൊടുവില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന ഭേദഗതി ബില്‍ കഴിഞ്ഞയാഴ്ച ലോക്‌സഭ പാസാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com