വേറിട്ട് മുരളീധരനും സാരംഗിയും ; മോദി മന്ത്രിസഭയില്‍ 58 ല്‍ 51 മന്ത്രിമാരും കോടീശ്വരര്‍

ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ബാദലാണ് കോടീശ്വരപട്ടികയില്‍ മുന്നില്‍
വേറിട്ട് മുരളീധരനും സാരംഗിയും ; മോദി മന്ത്രിസഭയില്‍ 58 ല്‍ 51 മന്ത്രിമാരും കോടീശ്വരര്‍

ന്യൂഡല്‍ഹി: നരേന്ദ്രമോദി മന്ത്രിസഭയിലെ 58 മന്ത്രിമാരില്‍ 51 പേരും കോടീശ്വരന്മാര്‍. കോടിശ്വരന്മാരല്ലാത്ത അഞ്ചുപേരില്‍ ഒരാള്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധി വി മുരളീധരനാണ്. സന്നദ്ധസംഘടനകളായ നാഷണല്‍ ഇലക്ഷന്‍ വാച്ച് (എന്‍.ഇ.ഡബ്ല്യു), അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍.) എന്നിവയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. 

ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ബാദലാണ് കോടീശ്വരപട്ടികയില്‍ മുന്നില്‍. 217 കോടി രൂപയാണ് ഹര്‍ സിമ്രതിന്റെ ആസ്തി. മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗം പീയൂഷ് ഗോയല്‍ (95 കോടി രൂപ), ഗുരുഗ്രാമില്‍നിന്നുള്ള റാവു ഇന്ദര്‍ജിത് സിങ് (42 കോടി രൂപ) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ബി.ജെ.പി. അധ്യക്ഷനും ഗാന്ധിനഗര്‍ എം പിയുമായ അമിത് ഷാ 40 കോടി രൂപയുടെ ആസ്തിയുമായി നാലാം സ്ഥാനത്തുണ്ട്. രണ്ടുകോടി രൂപയുടെ ആസ്തിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി പട്ടികയില്‍ നാല്‍പ്പത്തിയാറാമനാണ്. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍നിന്നുള്ള സഞ്ജീവ് കുമാര്‍ ബല്യാന്‍, അരുണാചല്‍പ്രദേശില്‍നിന്നുള്ള കിരണ്‍ റിജിജു, ഫത്തേപുരില്‍നിന്നുള്ള സാധ്വി നിരഞ്ജന്‍ ജ്യോതി എന്നിവരുടെ ആസ്തി ഒരു കോടി രൂപയുടേതാണ്.

കോടിപതികളല്ലാത്ത അഞ്ചുപേരില്‍ ഉള്‍പ്പെടുന്ന മന്ത്രി വി മുരളീധരന് 27 ലക്ഷം രൂപയാണ് ആസ്തി. പശ്ചിമ ബംഗാളിലെ റായ്ഗഞ്ചില്‍നിന്നുള്ള എം.പി. ദേബശ്രീ ചൗധരി (61 ലക്ഷം), അസമിലെ ഡിബ്രുഗഢ് എം.പി. രാമേശ്വര്‍ തേലി (43 ലക്ഷം), രാജസ്ഥാനിലെ ബാഡ്‌മേറില്‍നിന്നുള്ള കൈലാഷ് ചൗധരി (24 ലക്ഷം), ഒഡിഷയിലെ ബാലസോറില്‍ നിന്നുള്ള പ്രതാപ് ചന്ദ്ര സാരംഗി (13 ലക്ഷം) എന്നിവരാണ് കോടീശ്വര പട്ടികയിലില്ലാത്ത മറ്റു മന്ത്രിമാര്‍. നിലവില്‍ പാര്‍ലമെന്റംഗങ്ങളല്ലാത്ത എസ് ജയ്ശങ്കര്‍, രാംവിലാസ് പാസ്വാന്‍ എന്നിവരുടെ വിവരങ്ങള്‍ ലഭ്യമല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com