കേന്ദ്രമന്ത്രിസഭയില്‍ പിടിമുറുക്കി അമിത് ഷാ ; എല്ലാ സമിതികളിലും ; രാജ്‌നാഥ് സിംഗ് രണ്ടെണ്ണത്തില്‍ മാത്രം ; നിയമനങ്ങള്‍ക്കുള്ള സമിതിയില്‍ മോദിയും ഷായും മാത്രം 

പുതുതായി അഞ്ച് സമിതികള്‍ കൂടിയാണ് പ്രധാനമന്ത്രി  പ്രഖ്യാപിച്ചത്. എട്ടു ഉപസമിതികളിലാണ് അമിത് ഷാ ഇടംപിടിച്ചത്. 
കേന്ദ്രമന്ത്രിസഭയില്‍ പിടിമുറുക്കി അമിത് ഷാ ; എല്ലാ സമിതികളിലും ; രാജ്‌നാഥ് സിംഗ് രണ്ടെണ്ണത്തില്‍ മാത്രം ; നിയമനങ്ങള്‍ക്കുള്ള സമിതിയില്‍ മോദിയും ഷായും മാത്രം 

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പിടിമുറുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പുനസംഘടിപ്പിച്ച മന്ത്രിസഭാ ഉപസമിതികളിലെല്ലാം അമിത് ഷായെ ഉള്‍പ്പെടുത്തി. പുതുതായി അഞ്ച് സമിതികള്‍ കൂടിയാണ് പ്രധാനമന്ത്രി  പ്രഖ്യാപിച്ചത്. നിയമനങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയില്‍ പ്രധാനമന്ത്രിയും അമിത് ഷായും മാത്രമാണ് ഉള്ളത്. എട്ടു സമിതികളിലാണ് അമിത് ഷാ ഇടംപിടിച്ചത്. 

രണ്ടു സമിതികളുടെ അദ്ധ്യക്ഷനും അമിത് ഷാ ആണ്. പാര്‍ലമെന്ററി കാര്യത്തിനും സര്‍ക്കാര്‍ വീടുകള്‍ അനുവദിക്കുന്നതിനുമുള്ള സമിതികളിലാണ് അമിത് ഷായെ അദ്ധ്യക്ഷനാക്കിയത്. മന്ത്രിസഭയിലെ രണ്ടാമനായ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രണ്ട് സമിതികളിലുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ക്കും, സുരക്ഷാ കാര്യങ്ങള്‍ക്കുമുള്ള സമിതിയിലാണ് രാജ് നാഥ് സിംഗുള്ളത്. അതേസമയം രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജ്‌നാഥ് സിംഗിനെ ഒഴിവാക്കി.  

സഖ്യകക്ഷി മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തിയാണ് രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ചിട്ടുള്ളത്. അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മ്മല സീതാരാമന്‍, രാം വിലാസ് പാസ്വാന്‍, നരേന്ദ്രസിംഗ് തോമര്‍, രവിശങ്കര്‍ പ്രസാദ്, ഹര്‍സിമ്രത് കൗര്‍ ബാദല്‍, ഹര്‍ഷവര്‍ധന്‍, പിയൂഷ് ഗോയല്‍, അരവിന്ദ് സാവന്ത്, പ്രഹ്ലാദ് ജോഷി എന്നിവരാണ് രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഏഴ് സമിതികളിലും, കേന്ദ്ര വാണിജ്യ, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അഞ്ച് സമിതികളിലും ഇടംപിടിച്ചു. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസമിതിയില്‍ പ്രധാനമന്ത്രിക്ക് പുറമെ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. 

നിക്ഷേപം തൊഴില്‍ സുരക്ഷാ കാര്യങ്ങള്‍ എന്നിവയ്ക്ക് ഉള്ള മന്ത്രിസഭാ സമിതികള്‍ കഴിഞ്ഞ ദിവസം തന്നെ രൂപീകരിച്ചിരുന്നു. സര്‍ക്കാരിന് മുന്നില്‍ വലിയ വെല്ലുവിളികളായി നില്‍ക്കുന്ന സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനും പ്രധാനമന്ത്രി ചെയര്‍മാനായി സമിതി രൂപീകരിച്ചിട്ടുണ്ട്. നിക്ഷേപവും വളര്‍ച്ചയും ലക്ഷ്യമിട്ട് അഞ്ചംഗ സമിതിയേയും തൊഴിലവസരവും നൈപുണ്യ വികസത്തിനുമായി പത്തംഗ സമിതിയേയുമാണ് നിയോഗിച്ചിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com