എന്‍പിപി ഇനിമുതല്‍ ദേശീയ പാര്‍ട്ടി; സിപിഐയുടെ കാര്യം തുലാസില്‍ തന്നെ

മേഘാലയ മുഖ്യമന്ത്രി കൊണാര്‍ഡ് കെ സാഗ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍
എന്‍പിപി ഇനിമുതല്‍ ദേശീയ പാര്‍ട്ടി; സിപിഐയുടെ കാര്യം തുലാസില്‍ തന്നെ


ന്യൂഡല്‍ഹി: മേഘാലയ മുഖ്യമന്ത്രി കൊണാര്‍ഡ് കെ സാഗ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭ തെരഞ്ഞെടുപ്പിലും അരുണാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലും നേടിയ വജയത്തെ തുടര്‍ന്ന് നാല് സംസ്ഥാനങ്ങളില്‍ സാന്നിധ്യം വന്നതോടെയാണ് പാര്‍ട്ടിക്ക് ദേശീയ പദവി ലഭിച്ചത്. മണിപ്പൂര്‍, മേഘാലയ, നാഗാലാന്റ് എന്നിവിടങ്ങളില്‍ പാര്‍ട്ടിക്ക് സംസ്ഥാന പദവിയുണ്ട്. ഇതോടെ നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് ദേശീയ പാര്‍ട്ടി സ്ഥാനം ലഭിക്കുന്ന ആദ്യ സംഘടനയായി എന്‍പിപി. 

2012ലാണ് എന്‍സിപി വിട്ട പിഎ സാംഗ്മ എന്‍പിപി പാര്‍ട്ടി രൂപീകരിച്ചത്. വടക്ക് കിഴക്കന്‍ മേഖലയില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടി ആ വര്‍ഷം നടന്ന രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് നാല് സീറ്റ് നേടി അത്ഭുതം കാട്ടിയിരുന്നു. 2016 പിഎ സാംഗ്മ മരണപ്പെട്ട ശേഷം അദ്ദേഹത്തിന്റെ മകന്‍ കൊണ്‍റാഡ് സാംഗ്മയാണ് പാര്‍ട്ടിയെ നയിക്കുന്നത്. ഇക്കഴിഞ്ഞ അരുണാചല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അഞ്ച് സീറ്റ് ലഭിച്ചു.

ദേശീയതലത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാണ് എന്‍പിപി. എന്‍പിപിക്ക് കൂടി ദേശീയപാര്‍ട്ടി പദവി ലഭിച്ചതോടെ രാജ്യത്തെ ദേശീയപാര്‍ട്ടികളുടെ എണ്ണം എട്ടായി ഉയര്‍ന്നു. നിലവില്‍ ദേശീയപാര്‍ട്ടി പദവിയുള്ള സിപിഐയ്ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പോടെ സാന്നിധ്യം തമിഴ്‌നാട്ടില്‍ മാത്രമായി ഒതുങ്ങിയിട്ടുണ്ട്. സിപിഐയുടെ ദേശീയപാര്‍ട്ടി പദവി നിലനിര്‍ത്തണമോ എന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് തീരുമാനിക്കും. 

ദേശീയ പാര്‍ട്ടി പദത്തിന് മൂന്ന് മാനദണ്ഡങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.

1. ഒടുവില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ( ലോക്‌സഭ/സംസ്ഥാന നിയമസഭ) നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ സാധുവായ വോട്ടിന്റെ ആറുശതമാനമെങ്കിലും കരസ്ഥമാക്കണം. കൂടാതെ, ആ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും സംസ്ഥാനത്തോ, സംസ്ഥാനങ്ങളില്‍ നിന്നോ ലോക്‌സഭയിലേക്ക് കുറഞ്ഞത് നാല് അംഗങ്ങളെയെങ്കിലും വിജയിപ്പിക്കണം

2. ഒടുവില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൊത്തം ലോക്‌സഭ സീറ്റിന്റെ (543) രണ്ടുശതമാനത്തില്‍ (11 അംഗങ്ങള്‍) കുറയാത്ത അംഗങ്ങള്‍ വിജയിച്ചിരിക്കണം. അവര്‍ മൂന്നില്‍ കുറയാതെ സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം

3. നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരം.ഇതില്‍ മൂന്നാമത്തെ നിബന്ധനയുടെ ബലത്തിലാണ് സിപിഎം ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്തുന്നത്. 2029 വരെ ഇതുതുടരും. സിപിഐയുടെ ദേശീയപാര്‍ട്ടി പദവി നഷ്ടമായെങ്കിലും 2021 ലായിരിക്കും പ്രാബല്യത്തിലാകുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com