ആര്‍എസ്എസിന്റെ പ്രിയപ്പെട്ടവന്‍; മോദി, അമിത് ഷാ കൂട്ടുകെട്ടിന്റെ വിശ്വസ്തന്‍, മുതിര്‍ന്ന നേതാക്കളെ മറികടന്ന് സ്പീക്കര്‍ പദവിയിലേക്ക്

മുതിര്‍ന്ന അംഗങ്ങള്‍ ഒരുപാടുണ്ടെങ്കിലും രാജസ്ഥാനില്‍ നിന്നുള്ള ഓം ബിര്‍ളയെ ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാനാണ് ബിജെപി തീരുമാനിച്ചത്
പിടിഐ
പിടിഐ

മുതിര്‍ന്ന അംഗങ്ങള്‍ ഒരുപാടുണ്ടെങ്കിലും രാജസ്ഥാനില്‍ നിന്നുള്ള ഓം ബിര്‍ളയെ ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാനാണ് ബിജെപി തീരുമാനിച്ചത്. ബിജെപിയിലെ പല നേതാക്കളും ബിര്‍ളയാകും സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെന്ന് അറിഞ്ഞിരുന്നില്ല. രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് ലോക്‌സഭയിലെത്തിയ ബിര്‍ള, ഇത് രണ്ടാംതവണയാണ് പാര്‍ലമെന്റിലെത്തുന്നത്. മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ വിശ്വസ്തനാണ് ബിര്‍ള. 

ആര്‍എസ്എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ബിര്‍ള. ഡല്‍ഹിയിലെ അദ്ധേഹത്തിന്റെ ഔദ്യോഗിക വസതിയിലാണ് ആര്‍എസ്എസ് പരിപാടികളില്‍ പലതും സംഘടിപ്പിക്കുന്നത് എന്ന് ബിജെപി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ അമിത് ഷാ ആരംഭിച്ചത് ബിര്‍ളയുടെ മണ്ഡലമായ കോട്ടയില്‍ നിന്നാണ്. ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്കായ വൈശ്യ സമുദായക്കാരനാണ് ബിര്‍ള. ജിഎസ്ടി നടപ്പാക്കിയതില്‍ പാര്‍ട്ടിയോട് ഇടഞ്ഞു നില്‍ക്കുന്ന ഈ വിഭാഗത്തെ കയ്യിലെടുക്കാന്‍ ബിര്‍ളയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിത്വത്തോടെ സാധിക്കും എന്നാണ് ബിജെപി വിലയിരുത്തുന്നത്. 

മൂന്നുതവണ രാജസ്ഥാന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പക്കപ്പെട്ട ബിര്‍ള, മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ എതിര്‍പക്ഷത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. 2003ല്‍ കോട്ട സൗത്ത് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് രാജസ്ഥാന്‍ നിയമസഭയിലെത്തി. 2008ലും 2013ലും ഇതേ മണ്ഡലത്തില്‍ നിന്ന് ജയിച്ചു കയറി. 2003മുതല്‍ 2008വരെ വസുന്ധര രാജെ സര്‍ക്കാരില്‍ സഹമന്ത്രി പദവിയോടെ പാര്‍ലമെന്ററി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

കാര്‍ഷിക പ്രവര്‍ത്തകന്‍ എന്നാണ് ബിര്‍ള സ്വയം വിശേഷിപ്പിക്കുന്നത്. കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ബിര്‍ള, വിജ്യാര്‍ത്ഥി രാഷ്ട്രീയം വഴിയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. പതിനാറാം ലോക്‌സഭയില്‍ ഊര്‍ജ സ്റ്റാന്റിങ് കമ്മിറ്റി അംഗായി പ്രവര്‍ത്തിച്ച അദ്ദേഹം,സാമൂഹ്യ നീതി വകുപ്പിന്റെ ഉപദേശക സമിതിയിലും അംഗമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com