പ്രതിബദ്ധത ഉണ്ടെങ്കില്‍ ബിജെപി ബില്ലിനെ പിന്തുണയ്ക്കണം; നടക്കുന്നത് മുഖം രക്ഷിക്കാനുളള ശ്രമമെന്ന് പ്രേമചന്ദ്രന്‍ 

ബരിമല വിഷയത്തില്‍ ബിജെപിയുടെ മുഖം രക്ഷിക്കാനുളള ശ്രമമാണ് മീനാക്ഷി ലേഖിയുടെ സബ്മിഷനിലൂടെ പുറത്തുവന്നതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി
പ്രതിബദ്ധത ഉണ്ടെങ്കില്‍ ബിജെപി ബില്ലിനെ പിന്തുണയ്ക്കണം; നടക്കുന്നത് മുഖം രക്ഷിക്കാനുളള ശ്രമമെന്ന് പ്രേമചന്ദ്രന്‍ 

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ബിജെപിയുടെ മുഖം രക്ഷിക്കാനുളള ശ്രമമാണ് മീനാക്ഷി ലേഖിയുടെ സബ്മിഷനിലൂടെ പുറത്തുവന്നതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന സ്വകാര്യ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസികളുടെ കുത്തക അവകാശപ്പെടുന്ന ബിജെപി ശബരിമല വിഷയത്തില്‍ ഇതുവരെ ഒരു ക്രിയാത്മകമായ നടപടിയും സ്വീകരിച്ചിട്ടില്ല. പകരം സംഘര്‍ഷഭരിതമായ സ്ഥിതിവിശേഷം നിലനിര്‍ത്താനാണ് അവര്‍ ശ്രമിച്ചുവരുന്നത്. അല്ലായിരുന്നുവെങ്കില്‍ നിയമനിര്‍മ്മാണം നടത്താന്‍ എല്ലാ അധികാര,അവകാശങ്ങളുമുളള ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ശ്രമിക്കുമായിരുന്നു. ഇപ്പോള്‍ അനാവശ്യമായി സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം കൊണ്ടുവരുന്ന ബില്ലില്‍ നിന്ന് മുഖം രക്ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രേമചന്ദ്രന്‍ ആരോപിച്ചു.

യഥാര്‍ത്ഥത്തില്‍ വിശ്വാസി സമൂഹത്തോട് പ്രതിബദ്ധത ഉണ്ടെങ്കില്‍ സ്വകാര്യ ബില്ലിനെ സ്വാഗതം ചെയ്യുകയാണ് ബിജെപി ചെയ്യേണ്ടിയിരുന്നത്. അല്ലാതെ ബില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് വിഷയത്തില്‍ മീനാക്ഷി ലേഖി സബ്മിഷന്‍ അവതരിപ്പിച്ചത് നീതികരിക്കാന്‍ കഴിയുന്നതല്ല. വിഷയത്തെ രാഷ്ട്രീയമായി നേരിടാനാണ് ബിജെപി ശ്രമിക്കുന്നത്. അല്ലായിരുന്നുവെങ്കില്‍ ബില്‍ അപൂര്‍ണമാണെന്നും അത് അംഗീകരിക്കാന്‍ കഴിയുകയില്ലെന്നും മീനാക്ഷി ലേഖി പറയുമായിരുന്നില്ല. നിയമമന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ബില്‍ അപൂര്‍ണമാണെങ്കില്‍ നിയമമന്ത്രാലയം അവതരണാനുമതി നല്‍കുമായിരുന്നോ എന്നും പ്രേമചന്ദ്രന്‍ ചോദിച്ചു. പ്രതിപക്ഷ അംഗം ഒരു ബില്‍ കൊണ്ടുവരുമ്പോള്‍ അതിനെ പിന്തുണയ്ക്കുന്നതിന് പകരം സാങ്കേതികമായ തടസ്സവാദങ്ങള്‍ പറഞ്ഞ് മാധ്യമങ്ങളില്‍ തലവാചകം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com