മുനിസിപ്പല്‍ ഉദ്യോഗസ്ഥനെ ബിജെപി എംഎല്‍എ ബാറ്റു കൊണ്ട് ക്രൂരമായി മര്‍ദിച്ചു; റിപ്പോര്‍ട്ട് തേടി അമിത് ഷാ, നടപടിക്ക് സാധ്യത

മധ്യപ്രദേശ് ബിജെപി ഘടകത്തോടാണ് സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ അമിത് ഷാ ആവശ്യപ്പെട്ടത്
മുനിസിപ്പല്‍ ഉദ്യോഗസ്ഥനെ ബിജെപി എംഎല്‍എ ബാറ്റു കൊണ്ട് ക്രൂരമായി മര്‍ദിച്ചു; റിപ്പോര്‍ട്ട് തേടി അമിത് ഷാ, നടപടിക്ക് സാധ്യത

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥനെ എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് വിജയ്‌വര്‍ഗീയയുടെ മകനുമായ ആകാശ് വിജയ്‌വര്‍ഗീയ ബാറ്റു കൊണ്ട് ക്രൂരമായി തല്ലിയ സംഭവത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ റിപ്പോര്‍ട്ട് തേടി.  മധ്യപ്രദേശ് ബിജെപി ഘടകത്തോടാണ് സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ അമിത് ഷാ ആവശ്യപ്പെട്ടത്.

സംഭവം പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.  സംഭവത്തിന്റെ നിജസ്ഥിതി അറിയണമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് ബിജെപി മധ്യപ്രദേശ് ഘടകത്തോട് അമിത് ഷാ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. എല്ലാ വശങ്ങളും പരിശോധിച്ചശേഷം ആകാശ് വിജയ് വര്‍ഗീയയ്ക്ക് എതിരെ നടപടി എടുക്കാനുളള സാധ്യതയും തളളി കളയാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മധ്യപ്രദേശ് നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ആകാശ് വിജയ്‌വര്‍ഗീയ  മുനിസിപ്പല്‍ ഉദ്യോഗസ്ഥനെ ബാറ്റ് കൊണ്ട് തല്ലുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് രൂക്ഷമായ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത്. അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് ഉദ്യോഗസ്ഥന് നേരെയുളള മര്‍ദനം. ആകാശ് വിജയ്‌വര്‍ഗീയയ്‌ക്കെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു .ഇപ്പോള്‍ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ആകാശ് വിജയ്‌വര്‍ഗീയ.

അതേസമയം എംഎല്‍എയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മധ്യപ്രദേശില്‍ പ്രത്യക്ഷപ്പെട്ട വിവിധ പോസ്റ്ററുകള്‍ നീക്കം ചെയ്തു. സല്യൂട്ട് ആകാശ് ജി എന്ന പേരില്‍ ചിത്രം സഹിതമാണ് വിവിധയിടങ്ങളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് പോസ്റ്ററുകള്‍ നീക്കം ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com