കനത്തമഴ: റോഡ് ഒലിച്ചുപോയി, രൂപപ്പെട്ടത് വന്‍ഗര്‍ത്തം; വാഹനങ്ങള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു ( വീഡിയോ)

മഹാരാഷ്ട്രയില്‍ വെളളത്തിന്റെ കുത്തൊഴുക്കില്‍ റോഡില്‍ അഗാധമായ ഗര്‍ത്തം രൂപപ്പെട്ടു
കനത്തമഴ: റോഡ് ഒലിച്ചുപോയി, രൂപപ്പെട്ടത് വന്‍ഗര്‍ത്തം; വാഹനങ്ങള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു ( വീഡിയോ)

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കനത്തമഴ. മഹാരാഷ്ട്രയില്‍ വെളളത്തിന്റെ കുത്തൊഴുക്കില്‍ റോഡില്‍ അഗാധമായ ഗര്‍ത്തം രൂപപ്പെട്ടു. തലനാരിഴയ്ക്കാണ് വാഹനങ്ങള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മധ്യപ്രദേശില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ വെളളം കയറി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഇരുസംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. താഴ്ന്ന പ്രദേശങ്ങള്‍ വെളളളത്തിന്റെ അടിയിലായി. ജല്‍ന പ്രദേശത്ത് വെളളത്തിന്റെ കുത്തൊഴുക്കില്‍ റോഡ് ഒലിച്ചു പോയി. റോഡിന് നടുവില്‍ അഗാധമായ ഗര്‍ത്തവും രൂപപ്പെട്ടു. ഈ സമയം കടന്നുവന്ന വാഹനങ്ങള്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു മോട്ടോര്‍ബൈക്കും എസ്‌യുവിയുമാണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. 

മഹാരാഷ്ട്രയില്‍ ഇടമുറിയാതെ പെയ്യുന്ന മഴയില്‍ വലിയ നാശനഷ്ടങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി വീടുകള്‍ നശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കനത്തമഴയില്‍ മുംബൈ നഗരത്തില്‍ ജനജീവിതം ദുസ്സഹമായി. നഗരത്തില്‍ നിരവധി സ്ഥലങ്ങളില്‍ വെളളക്കെട്ട് പ്രത്യക്ഷപ്പെട്ടു. 
പത്തുവര്‍ഷത്തിനിടെ 24 മണിക്കൂറിനുളളില്‍ പെയ്യുന്ന രണ്ടാമത്തെ വലിയ മഴയാണ് വെളളിയാഴ്ച നഗരത്തില്‍ രേഖപ്പെടുത്തിയത്. 

മധ്യപ്രദേശിലെ ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ കനത്തമഴയില്‍ വെളളം കയറി. ജീവനക്കാര്‍ ഫയലുകള്‍ എടുത്തുമാറ്റുന്നതും പരിശോധിക്കുന്നതും അടക്കമുളള ദൃശ്യങ്ങള്‍ പുറത്തുവന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com