രേഖകള്‍ മോഷ്ടിച്ചത്, പരിഗണിക്കരുതെന്ന് കേന്ദ്രം;  പുറത്ത് വന്ന സ്ഥിതിക്ക്ഇനിയെന്ത് രഹസ്യമെന്ന് സുപ്രിം കോടതി,  ഉത്തരവ് പിന്നീട്‌

 റഫാല്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ പിന്നീട് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ സ്വീകരിക്കുമോ എന്നതാണ് കോടതി പിന്നീട് അറിയിക്കുക. 
രേഖകള്‍ മോഷ്ടിച്ചത്, പരിഗണിക്കരുതെന്ന് കേന്ദ്രം;  പുറത്ത് വന്ന സ്ഥിതിക്ക്ഇനിയെന്ത് രഹസ്യമെന്ന് സുപ്രിം കോടതി,  ഉത്തരവ് പിന്നീട്‌

ന്യൂഡല്‍ഹി: ഔദ്യോഗിക രഹസ്യ നിയമത്തെക്കാളും അധികാരം വിവരാവകാശ നിയമത്തിനുണ്ടെന്ന് സുപ്രിം കോടതി. റഫാല്‍ പുനഃപരിശോധനാ ഹര്‍ജികളിലെ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രിം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞ സ്ഥിതിക്ക് റഫാല്‍ രേഖകള്‍ക്ക് രഹസ്യ സ്വഭാവം ഇല്ലെന്നും ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു. 

എന്നാല്‍ ഗൂഢാലോചന നടത്തി സര്‍ക്കാര്‍ രേഖകള്‍ മോഷ്ടിച്ച് പകര്‍പ്പ് പ്രചരിപ്പിക്കുകയായിരുന്നു എന്ന വാദത്തില്‍ എജി ഉറച്ച് നില്‍ക്കുകയായിരുന്നു. പുനഃപരിശോധനാ ഹര്‍ജികളില്‍ നിന്നും മാധ്യമങ്ങള്‍ വഴി ചോര്‍ന്ന രേഖകള്‍ നീക്കം ചെയ്യണമെന്നും എജി കോടതിയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ രേഖകള്‍ മോഷ്ടിച്ച് സമര്‍പ്പിക്കുന്നത് ചട്ടലംഘനമാണ്. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഇത് വരില്ലെന്നുമായിരുന്നു എജി വാദിച്ചത്. 

എന്നാല്‍ രേഖ പ്രസിദ്ധീകരിക്കപ്പെട്ട സ്ഥിതിക്ക് പൊതുവാണെന്നും നീക്കം ചെയ്യാന്‍ വ്യവസ്ഥയില്ലെന്നുമായിരുന്നു മുതിര്‍ന്ന അഭിഭാഷകനും ഹര്‍ജിക്കാരനുമായ പ്രശാന്ത് ഭൂഷണ്‍ ബോധിപ്പിച്ചത്. റാഫാല്‍ ഇടപാടില്‍ രണ്ട് രാജ്യത്തെയും സര്‍ക്കാരുകള്‍ തമ്മിലല്ല കരാര്‍ നടന്നതെന്ന കാര്യവും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. വിവരങ്ങള്‍ നല്‍കുന്ന സ്രോതസ്സുകളെ സംരക്ഷിക്കാനുള്ള അവകാശം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യാ ആക്ട് നല്‍കുന്നുണ്ടെന്നും അദ്ദേഹം വാദിച്ചു.

രഹസ്യ നിയമത്തില്‍ വരുന്നതാണെങ്കിലും, വിവരങ്ങള്‍ അഴിമതിയെയും മനുഷ്യാവകാശ ലംഘനങ്ങളെയും സംബന്ധിക്കുന്നതാണെങ്കില്‍ വിവരാവകാശ നിയമത്തിന്റെ 24-ാം വകുപ്പ് പ്രകാരം പുറത്ത് വിടേണ്ടതുണ്ടെന്ന കാര്യം ജസ്റ്റിസ് കെ എം ജോസഫ് ചൂണ്ടിക്കാട്ടി.

 റഫാലില്‍ ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ സ്വീകരിക്കരുതെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദത്തില്‍ അടുത്ത ദിവസം ഉത്തരവ് പുറപ്പെടുവിക്കുമെന്നും സുപ്രിം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെഎം ജോസഫ് എന്നിവരാണ്  ഹര്‍ജി പരിഗണിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com