തമിഴ് ജനതയെ ബഹുമാനിക്കുന്നുവെന്ന് രാഹുല്‍, 'മോദി തമിഴരുടെ ശത്രുവാണ്' എന്ന് പരിഭാഷകന്‍;  വൈറലായി കന്യാകുമാരി പ്രസംഗം

താന്‍ പറഞ്ഞല്ല തങ്കബാലു പറഞ്ഞതെന്ന് മനസിലായിട്ടും രാഹുലും അനങ്ങിയില്ല. ഒരു ഭാവ വ്യത്യാസവും കാണിക്കാതെ പ്രസംഗം തുടര്‍ന്നു. നരേന്ദ്ര മോദിയെന്ന വാക്ക് എന്തായാലും രാഹുലിന് മനസിലാവാതെ ഇരിക്കില്ലല്ലോ
തമിഴ് ജനതയെ ബഹുമാനിക്കുന്നുവെന്ന് രാഹുല്‍, 'മോദി തമിഴരുടെ ശത്രുവാണ്' എന്ന് പരിഭാഷകന്‍;  വൈറലായി കന്യാകുമാരി പ്രസംഗം

കന്യാകുമാരി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കന്യാകുമാരി പ്രസംഗമാണ് സോഷ്യല്‍ മീഡിയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് 'സ്വതന്ത്ര പരിഭാഷ'കനായി മാറിയ കെ വി തങ്കബാലുവിന്റെ പ്രസംഗമാണ് ചിരി പടര്‍ത്തുന്നത്.

 'തമിഴ് മക്കളെ അതുകൊണ്ടാണ് ബഹുമാനിക്കുന്നതെന്ന'് രാഹുല്‍ പറഞ്ഞ് നിര്‍ത്തിയതും അല്‍പം മുന്നോട്ടാഞ്ഞ് , ചെവി വട്ടം പിടിച്ച് നിന്ന ശേഷം ' നരേന്ദ്രമോദി തമിഴന്റെ ശത്രുവാണ്' എന്നായിരുന്നു തങ്കബാലുവിന്റെ പരിഭാഷ. താന്‍ പറഞ്ഞല്ല തങ്കബാലു പറഞ്ഞതെന്ന് മനസിലായിട്ടും രാഹുലും അനങ്ങിയില്ല. ഒരു ഭാവ വ്യത്യാസവും കാണിക്കാതെ പ്രസംഗം തുടര്‍ന്നു. നരേന്ദ്ര മോദിയെന്ന വാക്ക് എന്തായാലും രാഹുലിന് മനസിലാവാതെ ഇരിക്കില്ലല്ലോയെന്നാണ് അണികള്‍ പറയുന്നത്. 

'ജമ്മു കശ്മീരിന്റെ സുരക്ഷിതത്വം അംബാനിക്കാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതെ'ന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ , 'ഇന്ത്യയുടെ സുപ്രധാന ഭാഗമായ ജമ്മുകശ്മീര്‍ കേന്ദ്രസര്‍ക്കാര്‍ അംബാനിക്ക് ദാനം ചെയ്തു'വെന്നായിരുന്നു തങ്കവേലുവിന്റെ തീപ്പൊരി പരിഭാഷ ! 'ജീവിതത്തില്‍ ഒരിക്കല്‍ പോലും അനില്‍ അംബാനി വിമാനം ഉണ്ടാക്കിയിട്ടില്ലെ'ന്ന രാഹുലിന്റെ വാക്കുകള്‍ പക്ഷേ ദാരുണമായാണ് തങ്കബാലു പരിഭാഷപ്പെടുത്തിയത്. സ്വതസിദ്ധമായ ശൈലിയില്‍ പരിഭാഷകന്‍ അത് പറഞ്ഞു വന്നപ്പോള്‍ വിമാനം വിഴുങ്ങി, പകരം 'അനില്‍ അംബാനി ഒരിക്കലും സത്യം പറയില്ലെ'ന്നായി.  മുന്‍ എംപിയും തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍  പ്രസിഡന്റുമാണ് തങ്കബാലു.

നിറഞ്ഞ കൈയ്യടിയോടെയാണ് സൈബര്‍ലോകം തങ്കബാലുവിന്റെ പരിഭാഷയെ സ്വീകരിച്ചത്. ട്രോളുകള്‍ക്കും അല്‍പം പോലും കുറവുണ്ടായില്ല. അച്ഛനും (തങ്കബാലു)മകനു(രാഹുല്‍)മായി സലൂണിലെത്തുന്നതും മുടിവെട്ടാന്‍ പറയുന്നതും വച്ച് രസകരമായ മീമുകള്‍ വരെ ഇന്റര്‍നെറ്റില്‍ വൈറലായി. മകന്‍ ബ്യൂട്ടീഷനോട്, സൈഡുകള്‍ വെട്ടി ഒതുക്കണമെന്നും, പുറക് വശം ചെറുതായിട്ട് മതിയെന്നും ഫ്രണ്ടിലെ മുടി മുറിക്കരുതെന്നും പറയുമ്പോള്‍ എല്ലാം കേട്ട് നിന്ന അച്ഛന്‍ ' ആ അവന്‍ പറഞ്ഞത് കേട്ടില്ലേ, ഒരു സമ്മര്‍ കട്ട് അടിച്ച് വിട് ' എന്ന് പറയുന്നതാണ് മീം. 

 പരിഭാഷകര്‍ ചിരിപടര്‍ത്തുന്നത് ഇത് ആദ്യമല്ല. ദേശീയ നേതാക്കളുടെ ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള പ്രസംഗങ്ങള്‍ പലപ്പോഴും സാധാരണ ജനങ്ങള്‍ക്ക് മനസിലാകുന്നതിനായി അല്‍പ്പം പൊടിപ്പും തൊങ്ങലും ചേര്‍ത്താണ് പരിഭാഷകര്‍ അവതരിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com