മായാവതിയും ശരദ് പവാറും പേടിച്ചോടുന്നു; ഇരുവരും മത്സരിക്കാത്തത് മോദി വീണ്ടും അധികാരത്തില്‍ വരുമെന്നതിന്റെ സൂചനയെന്ന് ശിവസേന 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍സിപി നേതാവ് ശരദ് പവാറും ബിഎസ്പി നേതാവ് മായാവതിയും മത്സരിക്കാനില്ലെന്ന് പറഞ്ഞത് എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുമെന്നതിന്റെ വ്യക്തമായ സൂചനയെന്ന് ശിവസേന
മായാവതിയും ശരദ് പവാറും പേടിച്ചോടുന്നു; ഇരുവരും മത്സരിക്കാത്തത് മോദി വീണ്ടും അധികാരത്തില്‍ വരുമെന്നതിന്റെ സൂചനയെന്ന് ശിവസേന 

മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍സിപി നേതാവ് ശരദ് പവാറും ബിഎസ്പി നേതാവ് മായാവതിയും മത്സരിക്കാനില്ലെന്ന് പറഞ്ഞത് എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുമെന്നതിന്റെ വ്യക്തമായ സൂചനയെന്ന് ശിവസേന. ഉത്തര്‍പ്രദേശില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ രൂപീകരിച്ച ബിഎസ്പി- എസ്പി സഖ്യത്തെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയുടെ കടന്നുവരവ് ബാധിക്കുമെന്നും ശിവസേന ആരോപിച്ചു. ഉത്തര്‍പ്രദേശില്‍ ബിഎസ്പിക്കും- കോണ്‍ഗ്രസിനും ഒരേ വോട്ടുബാങ്കാണ് എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രിയങ്കയുടെ വരവ് എസ്പി-ബിഎസ്പി സഖ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ശിവസേന പറഞ്ഞത്.

ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് മായാവതിയുടെയും പവാറിന്റെയും നിലപാടുകളെ അധികരിച്ച് എന്‍ഡിഎയുടെ വിജയം പ്രവചിച്ചത്. മായാവതിയും പവാറും മത്സരിക്കാനില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് മോദി വീണ്ടും വിജയശ്രീലാളിതനായി അധികാരത്തില്‍ വരുമെന്നതിന്റെ സൂചനയാണെന്ന് ശിവസേന പറയുന്നു.

മത്സരിക്കാനില്ല എന്ന് പറഞ്ഞതോടെ പ്രധാനമന്ത്രി കസേരയ്ക്ക് വേണ്ടിയുളള മത്സരത്തിന് മായാവതിയും ശരദ് പവാറും ഇല്ലെന്ന സൂചനയാണ് നല്‍കിയത്. രാജ്യമെമ്പാടുമുളള പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിന് പോകണമെന്നാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുന്നതിന് കാരണമായി മായാവതി ഉന്നയിക്കുന്നത്. എന്നാല്‍ പോരാട്ടത്തില്‍ നിന്ന് മായാവതി ഒഴിഞ്ഞുമാറുന്നതിന്റെ തെളിവാണിതെന്ന് ശിവസേന പറയുന്നു. ശരദ് പവാറും സമാനമായ കാരണം തന്നെ ചൂണ്ടിക്കാട്ടിയാണ് രക്ഷപ്പെടുന്നതെന്നും സാമ്‌ന ചൂണ്ടിക്കാണിക്കുന്നു.

പ്രിയങ്ക വാദ്രയുടെ ഉത്തര്‍പ്രദേശ് പര്യടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇത് മായാവതിയെ വേട്ടയാടുകയാണ്. ഉത്തര്‍പ്രദേശിലെ ബിഎസ്പി സ്ഥാനാര്‍ത്ഥികളുടെ സാധ്യതകളെ പ്രിയങ്കയുടെ കടന്നുവരവ് തകര്‍ക്കുമോ എന്ന ഭയത്തിലാണ് മായാവതി എന്നും സാമ്‌ന പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com