ഇന്ത്യക്ക് അഭിമാനനേട്ടമെന്ന് പ്രധാനമന്ത്രി, മൂന്നുമിനിറ്റില്‍ ഉപഗ്രഹത്തെ തകര്‍ത്ത് 'മിഷന്‍ ശക്തി'

ഇന്ത്യക്ക് അഭിമാനനേട്ടമെന്ന് പ്രധാനമന്ത്രി, മൂന്നുമിനിറ്റില്‍ ഉപഗ്രഹത്തെ തകര്‍ത്ത് 'മിഷന്‍ ശക്തി'

300 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തിലുളള ഉപഗ്രഹത്തെയാണ് മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത്.

ന്യൂഡല്‍ഹി: ബഹിരാകാശരംഗത്ത് ഇന്ത്യക്ക് ചരിത്ര നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നുമിനിറ്റിനുളളില്‍ താഴ്ന്ന ഭ്രമണപഥത്തിലുളള ഉപഗ്രഹത്തെ തകര്‍ക്കാനുളള പരീക്ഷണദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതായി രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. ഇത് ഇന്ത്യയെ സംബന്ധിച്ച് അഭിമാനനിമിഷമാണെന്നും മോദി പറഞ്ഞു.

ഉപഗ്രഹവേധ മിസൈല്‍ രംഗത്ത് അമേരിക്ക, റഷ്യ, ചൈന എന്നി രാജ്യങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യ നാലാമത് എത്തി. ബഹിരാകാശ വന്‍ശക്തികളുടെ സംഘത്തില്‍ ഇന്ത്യയും പ്രവേശിച്ചു. മിഷന്‍ ശക്തി എന്ന പേരിലായിരുന്നു പരീക്ഷണ ദൗത്യം. തദ്ദേശീയമായി നിര്‍മ്മിച്ച മിസൈല്‍ ഉപയോഗിച്ചുളള പരീക്ഷണം മൂന്നുമിനിറ്റിനുളളില്‍ പൂര്‍ത്തിയാക്കി. 300 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തില്‍ സ്ഥിതി ചെയ്തിരുന്ന ഉപഗ്രഹത്തെയാണ് മിസൈല്‍ തകര്‍ത്തതെന്നും മോദി പറഞ്ഞു.

ഇന്ത്യയുടെ സുരക്ഷ, സാമ്പത്തിക അഭിവൃദ്ധി, സാങ്കേതികവിദ്യയുടെ മുന്നേറ്റം എന്നി രംഗങ്ങളില്‍ മിഷന്‍ ശക്തി ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ആന്റി സാറ്റലൈറ്റ് മിസൈല്‍ കൂടുതല്‍ കരുത്ത് പകരും. മറ്റു രാജ്യങ്ങള്‍ക്ക് എതിരെ തങ്ങളുടെ നേട്ടം ഉപയോഗിക്കില്ലെന്ന് രാജ്യാന്തര സമൂഹത്തിന് ഉറപ്പുനല്‍കുന്നതായും മോദി പറഞ്ഞു. 

ഇന്ത്യയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുളള പ്രതിരോധ സംവിധാനം മാത്രമാണിത്. ബഹിരാകാശ രംഗം ആയുധമത്സരത്തിന് വേദിയാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഈ പരീക്ഷണം വഴി ഒരു രാജ്യാന്തര നിയമവും ലംഘിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.

ഇന്ത്യയെ സംബന്ധിച്ച് ഇത് ഒരു ചരിത്രനിമിഷമാണ്. ഇതില്‍ ഇന്ത്യക്കാര്‍ ഒന്നടങ്കം അഭിമാനം കൊളളുന്നു. കര,നാവിക,വ്യോമ എന്നി രംഗങ്ങള്‍ക്ക് അപ്പുറം ബഹിരാകാശമേഖലയിലും ഇന്ത്യ വന്‍ ശക്തിയാണെന്ന് തെളിയിച്ചു. ഇന്ത്യയെ കരുത്തുറ്റ രാജ്യമാക്കി മാറ്റിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്മാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് മോദി നന്ദി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com