കോണ്‍ഗ്രസിന് തിരിച്ചടി: ഹാര്‍ദിക് പട്ടേലിന് മത്സരിക്കാനാവില്ല 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പട്ടേല്‍ സംവരണപ്രക്ഷോഭ നേതാവായ ഹാര്‍ദിക് പട്ടേലിന് മത്സരിക്കാനാവില്ല
കോണ്‍ഗ്രസിന് തിരിച്ചടി: ഹാര്‍ദിക് പട്ടേലിന് മത്സരിക്കാനാവില്ല 

അഹമ്മദാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പട്ടേല്‍ സംവരണപ്രക്ഷോഭ നേതാവായ ഹാര്‍ദിക് പട്ടേലിന് മത്സരിക്കാനാവില്ല. 2015ല്‍ മെഹ്‌സാനയില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ തനിക്കെതിരായ വിധി സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ ഹാര്‍ദിക് പട്ടേലിന്റെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തളളി. ഇതോടെ 1951ലെ ജനപ്രാതിനിധ്യനിയമം അനുസരിച്ച് ഇദ്ദേഹത്തിന് മത്സരിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കോണ്‍ഗ്രസ് നേതാവിന്റെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് നിരീക്ഷിച്ച കോടതി ഹാര്‍ദിക് പട്ടേലിന്റെ ആവശ്യം തളളുകയായിരുന്നു.  17 എഫ്‌ഐആറുകളാണ് ഹാര്‍ദിക് പട്ടേലിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന് പുറമേ വിവിധ കോടതികളില്‍ തീര്‍പ്പുകല്‍പ്പികാതെ കിടക്കുന്ന കേസുകളും കണക്കിലെടുത്താണ്  ഗുജറാത്ത് ഹൈക്കോടതിയുടെ വിധി. 

2015ലെ പട്ടേല്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസില്‍ 2018 ജൂലൈയില്‍ ഹാര്‍ദിക് പട്ടേലിനെ രണ്ടുവര്‍ഷം തടവിന് കോടതി ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് ഓഗസ്റ്റില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചുവെങ്കിലും വിധി സ്‌റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല.

അടുത്തിടെയാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ ഹാര്‍ദിക് പട്ടേലിനെ കോണ്‍ഗ്രസ് പരിഗണിക്കുന്ന വേളയിലാണ് കോടതി വിധി പ്രതികൂലമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com