മോദിയുടെയും അമിത്ഷായുടെയും പെരുമാറ്റച്ചട്ട ലംഘനം : തിങ്കളാഴ്ചയ്ക്കകം നടപടി വേണം ; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിംകോടതിയുടെ അന്ത്യശാസനം

മോദിക്കും അമിത് ഷാക്കുമെതിരായ ഒമ്പത് പരാതികളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം എടുക്കേണ്ടത്
മോദിയുടെയും അമിത്ഷായുടെയും പെരുമാറ്റച്ചട്ട ലംഘനം : തിങ്കളാഴ്ചയ്ക്കകം നടപടി വേണം ; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിംകോടതിയുടെ അന്ത്യശാസനം

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘന പരാതികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കുമെതിരെ തിങ്കളാഴ്ചയ്ക്കകം നടപടി എടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിംകോടതിയുടെ അന്ത്യശാസനം. നടപടി സ്വീകരിക്കുന്നതില്‍ കാലതാമസം ഉണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു. മോദിക്കും അമിത് ഷാക്കുമെതിരായ ഒമ്പത് പരാതികളിലാണ് കമ്മീഷന്‍ തീരുമാനം എടുക്കേണ്ടത്. 

മാതൃകാപെരുമാറ്റ ചട്ടം ലംഘിച്ചത് ചൂണ്ടിക്കാട്ടി  പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷാക്കുമെതിരെ 11 പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരുന്നു. എന്നാല്‍ ഒന്നില്‍പോലും കമ്മീഷന്‍ നടപടി എടുത്തില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസാണ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്. 

ഹര്‍ജി കോടതി പരിഗണിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകന്‍ ഹാജരായിരുന്നു. മോദിക്കും അമിത് ഷാക്കുമെതിരായ 11 പരാതികളില്‍ രണ്ട് കേസുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീര്‍പ്പു കല്‍പ്പിച്ചിട്ടുണ്ട. ശേഷിക്കുന്ന പരാതികളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് അടുത്ത ബുധനാഴ്ച വരെ  സമയം വേണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം തള്ളിയ സുപ്രിംകോടതി തിങ്കളാഴ്ചയ്ക്കകം പരാതികളില്‍ തീരുമാനം എടുക്കണമെന്ന് ഉത്തരവിട്ടു. ഹര്‍ജി സുപ്രിംകോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. 

നരേന്ദ്രമോദിയും അമിത് ഷായും നിരവധി തവണ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌ക്രിയ നിലപാട് തുടരുകയാണെന്നുമാണ് ഹര്‍ജി. കോണ്‍ഗ്രസ് എംപി സുഷ്മിത ദേവാണ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്. 

സൈനികനടപടികളെ രാഷ്ട്രീയ നേട്ടത്തിനായി തെരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമര്‍ശിക്കുന്നു. ഏപ്രില്‍ 23 ന് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുമ്പോള്‍ മോദി ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലി നടത്തി തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com