ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് 74 സീറ്റ്; ഒന്നു പോലും കുറയുന്ന പ്രശ്‌നമില്ല: അമിത് ഷാ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍നിന്നു ബിജെപിക്ക് എഴുപത്തിമൂന്നോ എഴുപത്തിനാലോ സീറ്റ് കിട്ടുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ
ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് 74 സീറ്റ്; ഒന്നു പോലും കുറയുന്ന പ്രശ്‌നമില്ല: അമിത് ഷാ

ലക്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍നിന്നു ബിജെപിക്ക് എഴുപത്തിമൂന്നോ എഴുപത്തിനാലോ സീറ്റ് കിട്ടുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. അതില്‍ ഒരു സീറ്റു പോലും കുറയുന്ന പ്രശ്‌നമില്ലെന്ന് അമിത് ഷാ പറഞ്ഞു. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജ്‌നാഥ് സിങ്ങിന്റെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ 71 സീറ്റായിരുന്നു ബിജെപി ഉത്തര്‍പ്രദേശില്‍ നേടിയത്. സഖ്യകക്ഷിയായ അപ്‌നാ ദള്‍ രണ്ടു സീറ്റും നേടിയിരുന്നു. കേന്ദ്രത്തില്‍ ഒറ്റയ്ക്കു ഭൂരിപക്ഷം നേടാന്‍ ബിജെപിയെ പ്രധാനമായും സഹായിച്ചത് യുപിയില്‍ നടത്തിയ വന്‍ മുന്നേറ്റമായിരുന്നു. ഇത്തവണ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ആര്‍എല്‍ഡിയും ചേന്ന് സഖ്യം രൂപീകരിച്ചതോടെ ബിജെപിയുടെ സീറ്റുനില പകുതിയിലേക്കു താഴുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രഖ്യാപനം.

യുപിയില്‍ ബിജെപിക്ക് ഒരു സീറ്റു പോലും കുറയില്ലെന്ന് അമിത് ഷാ പറഞ്ഞു. എഴുപത്തിമൂന്നോ എഴുപത്തിനാലോ സീറ്റുകള്‍ ഇവിടെ പാര്‍ട്ടിക്കു കിട്ടും. മെയ് 23ന് വോട്ടെണ്ണി കഴിയുമ്പോള്‍ അതു വ്യക്തമാവും. നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ രാജ്യത്തെ ജനങ്ങള്‍ തീരുമാനമെടുത്തു കഴിഞ്ഞുവെന്ന് അമിത് ഷാ പറഞ്ഞു.

യുപിയില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രയായതോടെ ഗുണ്ടകള്‍ കീഴടങ്ങാന്‍ തയാറായി പൊലീസ് സ്റ്റേഷനിലേക്കു വരികയാണെന്ന് ബിജെപി അധ്യക്ഷന്‍ പറഞ്ഞു. നേരത്തെ ഗൂണ്ടാ രാജ് ആയിരുന്നു സംസ്ഥാനത്ത് എങ്ങും. പൊലീസ് ഗുണ്ടകളെ പേടിച്ചു കഴിയുകയായിരുന്നു. ഇപ്പോള്‍ തിരിച്ചാണ് സ്ഥിതി. എന്നെ അറസ്റ്റ് ചെയ്യൂ എന്ന ബോര്‍ഡ് കഴുത്തില്‍ തൂക്കി ഗുണ്ടകള്‍ പൊലീസ് സ്റ്റേഷനില്‍ വരികയാണ്- അമിത് ഷാ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com