പ്രചാരണത്തിന് കുട്ടികള്‍  : ബിജെപി എംപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ; ക്ഷമ ചോദിച്ച് കിരണ്‍ ഖേര്‍ 

പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ചത് തെറ്റായിപ്പോയി. എന്റെ ടീം അത് ഷെയര്‍ ചെയ്യുകയായിരുന്നു
പ്രചാരണത്തിന് കുട്ടികള്‍  : ബിജെപി എംപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ; ക്ഷമ ചോദിച്ച് കിരണ്‍ ഖേര്‍ 

ചണ്ഡീഗഡ് : ബോളിവുഡ് നടിയും ചണ്ഡീഗഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കിരണ്‍ ഖേറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കിരണ്‍ പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ചു എന്ന പരാതിയിലാണ് നോട്ടീസ്. സംഭവത്തില്‍ 24 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 

കിരണ്‍ ഖേര്‍ ട്വിറ്ററില്‍ പ്രചാരണത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. ഇതില്‍ കുട്ടികള്‍ വോട്ട് ഫോര്‍ കിരണ്‍ ഖേര്‍, ആബ് കി മോദി സര്‍ക്കാര്‍ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. 

കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മീഷന്‍ 2017 ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച ശുപാര്‍ശയില്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലും കുട്ടികളെ ഉപയോഗിക്കാന്‍ പാടുള്ളതല്ലെന്ന് നിര്‍ദേശിച്ചിരുന്നു. രാഷ്്ട്രീയപാര്‍ട്ടികളോ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോ കുട്ടികളെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

നോട്ടീസ് ലഭിച്ചതിന് പിന്നാലെ സംഭവിച്ചതില്‍ മാപ്പു ചോദിച്ച് കിരണ്‍ ഖേര്‍ രംഗത്തെത്തി. പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ചത് തെറ്റായിപ്പോയി. എന്റെ ടീം അത് ഷെയര്‍ ചെയ്യുകയായിരുന്നു, വിവാദമായപ്പോള്‍ ദൃശ്യം ഡിലീറ്റ് ചെയ്തു. സംഭവിച്ചതിന് മാപ്പ്. കിരണ്‍ ഖേര്‍ പറഞ്ഞു. 

മെയ് 19 നാണ് ചണ്ഡീഗഡില്‍ വോട്ടെടുപ്പ്. നിലവിലെ എംപിയായ കിരണ്‍ ഖേര്‍ വീണ്ടും ജനവിധി തേടുമ്പോള്‍, മുന്‍ കേന്ദ്രമന്ത്രി പവന്‍കുമാര്‍ ബന്‍സാലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. എഎപി സ്ഥാനാര്‍ത്ഥിയായി ഹര്‍മോഹന്‍ ധവാനും മല്‍സരരംഗത്തുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com