സാന്റിയാഗോ മാര്‍ട്ടിന്റെ അക്കൗണ്ടന്റ് കുളത്തില്‍ മരിച്ച നിലയില്‍; മരണം ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ; ദുരൂഹത

തുടര്‍ച്ചയായ നാലാം ദിവസവും ആദായനികുതി വകുപ്പ് പരിശോധന നടക്കുന്നതിനിടെയാണ് പഴനിസ്വാമിയുടെ മരണം
സാന്റിയാഗോ മാര്‍ട്ടിന്റെ അക്കൗണ്ടന്റ് കുളത്തില്‍ മരിച്ച നിലയില്‍; മരണം ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ; ദുരൂഹത

മേട്ടുപ്പാളയം; ആദായനികുതി വകുപ്പ്  ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതിന് പിന്നാലെ സാന്റിയാഗോ മാര്‍ട്ടിന്റെ അക്കൗണ്ടന്റ് മരിച്ച നിലയില്‍. കോയമ്പത്തൂര്‍ വെള്ളകിണര്‍ ഉരുമാണ്ടംപാളയം സ്വദേശിയായ പഴനിസ്വാമിയെ (45) ആണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാരമട വെള്ളിയങ്കാടിനടുത്തുള്ള കോര്‍പ്പറേഷന്റെ ജലശുദ്ധീകരണശാലയ്ക്ക് എതിര്‍വശത്തുള്ള കുളത്തില്‍ വെള്ളിയാഴ്ച മൃതദേഹം കണ്ടെത്തുകയായിരുന്നു. 25 വര്‍ഷമായി മാര്‍ട്ടിന്റെ ഹോട്ടലിലെ അക്കൗണ്ടന്റാണ് പഴനിസ്വാമി

രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന മാര്‍ട്ടിന്റെ എഴുപതോളം സ്ഥാപനങ്ങളില്‍ ചൊവ്വാഴ്ച ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി സാന്‍ഡിയാഗോ മാര്‍ട്ടിനേയും പഴനിസ്വാമിയേയും ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ ചോദ്യം ചെയ്തിരുന്നു. തുടര്‍ച്ചയായ നാലാം ദിവസവും ആദായനികുതി വകുപ്പ് പരിശോധന നടക്കുന്നതിനിടെയാണ് പഴനിസ്വാമിയുടെ മരണം. 

കഴിഞ്ഞ ദിവസം ഇയാളെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇരുചക്രവാഹനം കുളത്തിന് സമീപം നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത്. മരണവിവരം അറിഞ്ഞ് മാര്‍ട്ടിന്റെ ഭാര്യ ലീമ റോസ് നടത്താനിരുന്ന വാര്‍ത്തസമ്മേളനം റദ്ദാക്കി. ആദായനികുതി വകുപ്പിന്റെ പരിശോധന തുടരുന്ന സാഹചര്യത്തിലാണ് വാര്‍ത്തസമ്മേളനം നിര്‍ത്തലാക്കിയത് എന്നാണ് അറിയിച്ചത്. 

അതിനിടെ പഴനിസ്വാമിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. മജിസ്‌ട്രേറ്റിന്റെ മുന്നില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയില്ലെങ്കില്‍ മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് ആശുപത്രിയില്‍ എത്തിയ ബന്ധുക്കള്‍ പറഞ്ഞു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com