56 ഇഞ്ച് നെഞ്ചുള്ള ബോക്‌സറിന്റെ ആദ്യ പഞ്ച് അഡ്വാനിയുടെ മുഖത്തായിരുന്നു ; ഗോദയില്‍ നിന്നിറങ്ങി ഓടിയ ആളാണ് പ്രധാനമന്ത്രിയെന്ന്‌ രാഹുല്‍ ഗാന്ധി

വലിയ നര്‍മ്മപ്രിയനായി മാറിയ ബോക്‌സര്‍ എപ്പോഴും വെള്ളിവെളിച്ചത്തില്‍ നില്‍ക്കാന്‍ ശ്രദ്ധിച്ചുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പരിഹസിച്ചു. 
56 ഇഞ്ച് നെഞ്ചുള്ള ബോക്‌സറിന്റെ ആദ്യ പഞ്ച് അഡ്വാനിയുടെ മുഖത്തായിരുന്നു ; ഗോദയില്‍ നിന്നിറങ്ങി ഓടിയ ആളാണ് പ്രധാനമന്ത്രിയെന്ന്‌ രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി പരിഹാസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബോക്‌സര്‍മാര്‍ക്ക് പ്രസിദ്ധിയാര്‍ജ്ജിച്ച ഹരിയാനയിലെ ഭിവാനിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുലിന്റെ പരിഹാസം. 2008 ലെ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി മൂന്ന് മെഡലുകളാണ് ഭിവാനിയില്‍ നിന്നുള്ള ബോക്‌സര്‍മാര്‍ ഇടിച്ച് നേടിയത്.

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ രാജ്യം ഒരു ബോക്‌സറെ തെരഞ്ഞെടുത്തു. 56 ഇഞ്ച് നെഞ്ചളവുമായി നരേന്ദ്രമോദിയാണ് റിങിലിറങ്ങിയത്. ദാരിദ്ര്യം, അഴിമതി കര്‍ഷകപ്രശ്‌നങ്ങള്‍ എന്നിവ ചേര്‍ന്ന ബോക്‌സറിനെയാണ് അദ്ദേഹത്തിന് നേരിടാന്‍ ഉണ്ടായിരുന്നത്. 

മത്സരം കാണാന്‍ രാജ്യത്തെ ജനങ്ങള്‍ കാണികളായി എത്തി. കോച്ചായി അഡ്വാനിയും ഉണ്ടായിരുന്നു. എന്നാല്‍ ഗോദയിലിറങ്ങിയ ശേഷം തിരികെയെത്തി ആദ്യ ഇടി സ്വന്തം കോച്ചായ അഡ്വാനിയുടെ മുഖത്തേക്കാണ് മോദി നടത്തിയത്. അദ്ദേഹം ഞെട്ടിപ്പോയി. പിന്നീട് ഗഡ്കരിയുള്‍പ്പടെയുള്ള നേതാക്കള്‍ക്കും മുഷ്ടിപ്രഹരം ഏല്‍ക്കേണ്ടി വന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ധര്‍, ധര്‍ എന്ന് മൈക്കിനടുത്ത് ഓരോ ഇടിക്കും ശബ്ദമുണ്ടാക്കിക്കൊണ്ടുള്ള രാഹുലിന്റെ പ്രസംഗം കേട്ട് പ്രവര്‍ത്തകര്‍ ഇളകി മറിഞ്ഞു. വലിയ നര്‍മ്മപ്രിയനായി മാറിയ ബോക്‌സര്‍ എപ്പോഴും വെള്ളിവെളിച്ചത്തില്‍ നില്‍ക്കാന്‍ ശ്രദ്ധിച്ചുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പരിഹസിച്ചു. 

അഡ്വാനിയെയും മറ്റ് മുതിര്‍ന്ന നേതാക്കളെയും പ്രഹരിച്ച ശേഷം റിങില്‍ നിന്ന് ബോക്‌സര്‍ ഇറങ്ങി. എന്താണ് റിങില്‍ നിന്ന് ഓടിപ്പോകുന്നതെന്ന ആളുകളുടെ ചോദ്യത്തിന് കൂടിനിന്നവരിലെ ചെറുകിട കച്ചവടക്കാരുടെ മുഖത്ത് നോട്ടുനിരോധനമെന്ന പേരില്‍ ഇടിച്ചാണ് അദ്ദേഹം മറുപടി പറഞ്ഞത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ ആവശ്യപ്പെട്ട കര്‍ഷകര്‍ക്കും ബോക്‌സറുടെ ഇടികൊള്ളേണ്ടി വന്നു. ഗോദയിലാണ് പോരാട്ടമെന്നത് മറന്നുപോയ ബോക്‌സറായിരുന്നു അതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com