അയോധ്യ ; ആഗസ്റ്റ് 15 നകം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് മധ്യസ്ഥ സമിതിയോട് സുപ്രിംകോടതി

മധ്യസ്ഥശ്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള് രഹസ്യമായി കൈകാര്യം ചെയ്യണമെന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അയോധ്യ ; ആഗസ്റ്റ് 15 നകം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് മധ്യസ്ഥ സമിതിയോട് സുപ്രിംകോടതി

ന്യൂഡല്‍ഹി:  അയോധ്യക്കേസില്‍ ആഗസ്റ്റ് 15 നകം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് മധ്യസ്ഥ സമിതിയോട് സുപ്രിംകോടതി. വിഷയത്തില്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് പാനല്‍ അധ്യക്ഷന്‍ ജസ്റ്റിസ് എഫ് എം ഖലിഫുള്ള കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ആഗസ്റ്റ് വരെ സമയം നല്‍കിയത്. 

സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളുമായി ഇപ്പോള്‍ പങ്കുവയ്ക്കാന്‍ സാധിക്കില്ലെന്നും സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു, രാജീവ് ധവാന്‍ എന്നിവരാണ് പാനലില്‍ ഉള്ളത്. ഫൈസാബാദില്‍ വച്ചാവും മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുക.

മധ്യസ്ഥശ്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള് രഹസ്യമായി കൈകാര്യം ചെയ്യണമെന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തര്‍ക്കസ്ഥലമല്ലാത്ത ഭൂമി ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കുന്നതും കോടതി പരിഗണിക്കുന്നുണ്ട്. 

മധ്യസ്ഥ ചര്‍ച്ചയിലൂടെ അയോധ്യ വിഷയത്തില്‍ തീരുമാനം കണ്ടെത്താനുള്ള സുപ്രിംകോടതി നിര്‍ദ്ദേശത്തെ യുപി സര്‍ക്കാരും നിര്‍മോഹി അഖാഡ ഒഴിച്ചുള്ള ഹിന്ദു സംഘടനകളും എതിര്‍ത്തിരുന്നുവെങ്കിലും മുസ്ലിം സംഘടനകള്‍ സ്വാഗതം ചെയ്തിരുന്നു. ഇതാദ്യമായാണ് അയോധ്യ വിഷയത്തില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന നിര്‍ദ്ദേശം സുപ്രിം കോടതി മുന്നോട്ട് വച്ചത്. ബന്ധങ്ങളുടെ മുറിവുണക്കാന്‍ ഒരുപക്ഷേ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സാധിക്കുമെന്നും കോടതി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com