വാരാണസിയില്‍ മോദിക്കെതിരെ 'മിനി ഇന്ത്യ'; മത്സരരംഗത്ത് കര്‍ഷകന്‍ മുതല്‍ ശാസ്ത്രജ്ഞന്‍ വരെ 25 പേര്‍

2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ മോദിക്കെതിരെ 41 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്
വാരാണസിയില്‍ മോദിക്കെതിരെ 'മിനി ഇന്ത്യ'; മത്സരരംഗത്ത് കര്‍ഷകന്‍ മുതല്‍ ശാസ്ത്രജ്ഞന്‍ വരെ 25 പേര്‍

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിടാന്‍ വാരാണസി മണ്ഡലത്തില്‍ ശക്തനായ എതിരാളി ആരുമില്ല എന്നത്, മോദിയുടെ കടുത്ത വിമര്‍ശകര്‍ പോലും സമ്മതിക്കുന്ന കാര്യമാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മോദിക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഏറെ കൗതുകം നിറഞ്ഞതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ മോദിക്കെതിരെ 41 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. ഇപ്പോള്‍ ഇത് 25 ആയി താഴ്ന്നു. എന്നാല്‍ എതിര്‍സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഒരു മിനി ഇന്ത്യയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. കര്‍ഷകരും, വക്കീലും, ശാസ്ത്രജ്ഞനും അടക്കം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇവരില്‍ അധികവും. വിവിധ ആവശ്യങ്ങള്‍ക്ക് ജനശ്രദ്ധ നേടുക എന്ന ലക്ഷ്യവും ഇവരില്‍ പലരും വച്ചുപുലര്‍ത്തുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ് ഈ 25 പേര്‍. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, കേരള, ഉത്തരാഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചാണ് ഇവര്‍ മത്സരരംഗത്തുളളത്.ഇവര്‍ക്ക് എല്ലാവര്‍ക്കും മത്സരിക്കുന്നതിന്റെ കാരണത്തെ കുറിച്ച് പറയാന്‍ അവരുടേതായ ന്യായീകരണങ്ങളുമുണ്ട്.

മഹാരാഷ്ട്രയിലെ കര്‍ഷകനായ മനോഹര്‍ ആനന്ദ് റാവു പട്ടേല്‍ ആണ് മോദിക്കെതിരെ മത്സരിക്കുന്നവരില്‍ ഒരാള്‍. ഗാന്ധിയുടെ രീതിയിലുളള വസ്ത്രധാരണമാണ് ഇദ്ദേഹത്തിന്റേത്. ഇതിന് പുറമേ ഗാന്ധിയുടെ ഒരു ചിത്രം  ഈ കര്‍ഷകന്റെ കഴുത്തില്‍ തൂങ്ങി കിടക്കുന്നതും കാണാം. മോദിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയല്ല താന്‍ ഇവിടെ വന്നിരിക്കുന്നതെന്ന് മനോഹര്‍ ആനന്ദ് റാവു പറയുന്നു. മറിച്ച്, കര്‍ഷകരുടെ ദുരിതം ജനശ്രദ്ധയില്‍ കൊണ്ടുവരാനും അഴിമതി തുറന്നുകാണിക്കാനുമാണ് താന്‍ ഇവിടെ നിന്ന് മത്സരിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. സമാനമായ ആവശ്യവുമായാണ് ആന്ധ്രയില്‍ നിന്നുളള കര്‍ഷകനായ മാനവ് വിശ്വമാനവ് വാരാണാസില്‍ ഒരു കൈ നോക്കുന്നത്.

സ്ത്രീകളുടെ അവകാശങ്ങള്‍ പാര്‍ലമെന്റ് സമക്ഷം കൊണ്ടുവരുക എന്നതാണ് ഹീനാ ഷാഹിദിന്റെ ആഗ്രഹം. അതിനായാണ് അവര്‍ മോദിക്കെതിരെ മത്സരിക്കുന്നത്. പരേതനായ ഒളിമ്പ്യന്‍ മുഹമ്മദ് ഷാഹിദിന്റെ മകളാണ് ഹീനാ. തനിക്കും മോദിയെ തോല്‍പ്പിക്കാന്‍ കഴിയുകയില്ലെന്ന് ഇവര്‍ തുറന്നുസമ്മതിക്കുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ തന്നെ പഠിക്കുന്നത്് നിര്‍ബന്ധമാക്കണമെന്നതാണ് ഛത്തീസ്ഗഡില്‍ നിന്നുളള മനീഷ് ശ്രീവാസ്തവയുടെ മുഖ്യ ആവശ്യം. സര്‍ക്കാര്‍ ജീവനക്കാര്‍ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രികള്‍ തന്നെ തെരഞ്ഞെടുക്കണമെന്നതും നിര്‍ബന്ധമാക്കണമെന്ന മറ്റൊരു ആവശ്യവും ശ്രീവാസ്തവയുടെ വകയായുണ്ട്.  ഇത് ജനശ്രദ്ധയില്‍ കൊണ്ടുവരാനാണ് മോദിക്കെതിരെ ഇദ്ദേഹം മത്സരിക്കുന്നത്. ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിക്കണമെന്നതാണ് ഹരിദ്വാറില്‍ നിന്നുളള സുനില്‍ കുമാറിന്റെ ആവശ്യം. ഇത്തരത്തില്‍ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നത് ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ജനസമക്ഷം കൊണ്ടുവരാന്‍ ഉദ്ദേശിച്ചാണ് വിവിധ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പില്‍ മോദിക്കെതിരെ അണിനിരക്കുന്നത്.ഇതിന് പുറമേ ശാസ്ത്രജ്ഞനും, വക്കീലുമെല്ലാം പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com