വാരാണസിയില്‍ മോദിക്ക് ജയിച്ചാല്‍ മാത്രം പോരാ; ഗൊരഖ്പൂരില്‍ ആദിത്യനാഥിന് ജീവന്‍മരണ പോരാട്ടം

ലോക്‌സഭ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ബിജെപി ഏറ്റവും വലിയ യുദ്ധത്തിലേക്ക് നീങ്ങുകയാണ്.
വാരാണസിയില്‍ മോദിക്ക് ജയിച്ചാല്‍ മാത്രം പോരാ; ഗൊരഖ്പൂരില്‍ ആദിത്യനാഥിന് ജീവന്‍മരണ പോരാട്ടം

ലോക്‌സഭ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ബിജെപി ഏറ്റവും വലിയ യുദ്ധത്തിലേക്ക് നീങ്ങുകയാണ്. ബിജെപി അഭിമാന പോരാട്ടത്തിനിറങ്ങുന്ന വാരാണസിയും ഗൊരഖ്പൂരും അവസാനഘട്ടത്തില്‍ പോളിങ് ബൂത്തിലേക്കെത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ ജനപ്രീതി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാലങ്ങളായി പ്രതിനിധീകരിച്ചുവന്ന ഗൊരഖ്പൂരില്‍ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലേറ്റ നാണംകെട്ട തോല്‍വിക്ക് മറുപടി പറയുകയും വേണം. 

വാരാണസിയില്‍ മോദിയുടെ വിജയത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ ഭൂരിപക്ഷത്തെക്കുറിച്ചാണ് ചോദ്യങ്ങളത്രയും. ബിജെപി തരംഗം ആഞ്ഞടിച്ച 2014ല്‍ ശക്തനായ എതിരാളിയായി എഎപിയുടെ അരവിന്ദ് കെജരിവാള്‍ ഉണ്ടായിരുന്നിട്ടും 3.37 ലക്ഷം വോട്ടിനാണ് നരേന്ദ്ര മോദി വിജയിച്ചു കയറിയത്. ഇത്തവണ 2014ല്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കോണ്‍ഗ്രസിന്റെ അജയ് റായിയാണ് മോദിയുടെ പ്രധാന എതിരാളി. 

മോദിയെ നേരിടാന്‍ അതിശക്തരായ സ്ഥാനാര്‍ത്ഥികളാരും ഇത്തവണയില്ല. എന്നാല്‍ മോദിക്കെതിരെ മത്സരിക്കുന്ന 25പേരും പ്രതിനിധീകരിക്കുന്നത് 'മിനി ഇന്ത്യയെയാണ്' എന്നാണ് വിലയിരുത്തല്‍. കര്‍ഷകരും, വക്കീലും, ശാസ്ത്രജ്ഞനും അടക്കം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇവരില്‍ അധികവും. വിവിധ ആവശ്യങ്ങള്‍ക്ക് ജനശ്രദ്ധ നേടുക എന്ന ലക്ഷ്യവും ഇവരില്‍ പലരും വച്ചുപുലര്‍ത്തുന്നു. 

1991മുതല്‍ ബിജെപിക്കൊപ്പം നിന്ന ഗൊരഖ്പൂര്‍ മണ്ഡലം 2018ലെ ഉപതെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി പിടിച്ചെടുത്തിരുന്നു. ഉത്തര്‍പ്രദേശില്‍ ബിജെപി ഏറ്റവും വലിയ വെല്ലുവിളിയായി കാണുന്നതും ഗൊരഖ്പൂര്‍ തിരിച്ചുപിടിക്കുക എന്നതാണ്. ഭോജ്പൂരി നടന്‍ രവി കിഷനാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി. 

ഗൊരഖ്പൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം അനുസരിച്ചിരിക്കും ബിജെപിയുടെ തീപ്പൊരി നേതാവായി വളര്‍ന്ന ആദിത്യനാഥിന്റെ രാഷ്ട്രീയ ഭാവിയും. ഇതിനോടകംതന്നെ 20 റാലികള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഗൊരഘ്പൂരില്‍ നടത്തിക്കഴിഞ്ഞു. 

ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള രവി കിഷന് മണ്ഡലത്തിലെ ജാതിസമവാക്യങ്ങള്‍ അത്രമേല്‍ അനുകൂലമല്ല. താക്കൂര്‍-ബ്രാഹ്മണ വിഭാഗങ്ങള്‍ തമ്മിലുള്ള പോര് മണ്ഡലത്തില്‍ അടുത്തകാലത്തായി വര്‍ദ്ധിച്ചിട്ടുണ്ട് എന്നത് ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. ബിജെപി എംപി ശരദ് ത്രിപാഠി, താക്കൂര്‍ വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എ രാകേഷ് ബാഘേലിനെ മര്‍ദിച്ചതിന് പിന്നാലെയാണ് മേഖലയില്‍ താക്കൂര്‍-ബ്രാഹ്മണ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചത്. എസ്പി-ബിഎസ്പി സഖ്യമാണ് ബിജെപിയുടെ പ്രധാ എതിരാളി. റാം ഭുവല്‍ നിഷാദാണ് എസ്പിയുടെ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ മധുസൂദന്‍ ത്രിപാഠിയും സിപിഐയുടെ ആശിഷ് സിങും മത്സര രംഗത്തുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബ്രാഹ്മണ വോട്ടുകളില്‍ വിള്ളലുണ്ടാക്കും. 

മണ്ഡലത്തില്‍ നിഷാദ് വിഭാഗത്തിന് വലിയ തോതില്‍ സ്വാധീനമുണ്ട്. 4.5 ലക്ഷം വോട്ടാണ് ഈ വിഭാഗത്തിനുള്ളത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രവിന്‍ നിഷാദിന് സീറ്റ് നിഷേധിച്ചതില്‍ ബിജെപിയോട് ഇവര്‍ക്ക് പരിഭവമുണ്ട്. എസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച പ്രവിന്‍, പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. 

3.5ലക്ഷം മുസ്‌ലിംകളും 3ലക്ഷം ദലിതരും മണ്ഡലത്തിലുണ്ട്. എസ്പിയും ബിഎസ്പിയും ഒരുമിച്ചു നില്‍ക്കുകയും മുസ്‌ലിംകള്‍ക്കിടയില്‍ അതൃപ്തി കത്തിനില്‍ക്കുകയും ചെയ്യുമ്പോള്‍ ബിജെപിക്ക് വിജയത്തിലേക്ക് അനായാസം നടന്നെത്താന്‍ സാധിക്കില്ല. 

ഗൊരഖ്പൂരിനും വാരാണസിക്കും ഒപ്പം, മഹാരാജ്ഗഞ്ച്, ഖുശിനഗര്‍, ദിയോരിയ, ഘോസി, സലീംപൂര്‍, ബല്ലിയ, ഘാസിപൂര്‍, ചന്ദൗലി, മിര്‍സാപൂര്‍, റോബര്‍ട്‌സ്ഗഞ്ച് എന്നിവിടങ്ങളിലും ഉത്തര്‍പ്രദേശില്‍ അവസാനഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com