ബംഗാളില്‍ ഇടതു വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകുന്നു; കണക്കുകള്‍ തെറ്റുമെന്ന് തൃണമൂലിന് ആശങ്ക

ഒരുകാലത്ത് നെടുങ്കോട്ടയായിരുന്ന ബംഗാളില്‍നിന്ന് ഇക്കുറി ഇടതിനു സീറ്റുകളൊന്നും കിട്ടാതിരിക്കാനുള്ള സാധ്യതയും ചിലര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്
പശ്ചിമ ബംഗാളില്‍ ബുധനാഴ്ച പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയവര്‍
പശ്ചിമ ബംഗാളില്‍ ബുധനാഴ്ച പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയവര്‍

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ഇടതു വോട്ടുകള്‍ കൂട്ടത്തോടെ ബിജെപിയിലേക്കു ചേക്കേറുന്നതായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര വിലയിരുത്തല്‍. ഇടതു വോട്ടുകളുടെ ഒഴുക്കു ബിജെപി മുന്നേറ്റത്തെ ശക്തിപ്പെടുത്തുമെന്നും ഒരുപക്ഷേ, തൃണമൂല്‍ ഇരുപത്തിയഞ്ചു സീറ്റില്‍ താഴെ എത്തിയേക്കുമെന്നും പാര്‍ട്ടി വിലയിരുത്തുന്നതായാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റില്‍ മാത്രമേ ജയിക്കായുള്ളൂവെങ്കിലും ഇടതു പാര്‍ട്ടികള്‍ മുപ്പതു ശതമാനം വോട്ടു നേടിയിരുന്നു. ഇതില്‍ പത്തു ശതമാനം വോട്ട് ഇക്കുറി ബിജെപിയില്‍ എത്തുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. തൃണമൂലും ബിജെപിയും തമ്മിലാണ് ഇക്കുറി ബംഗാളില്‍ പ്രധാന മത്സരം. ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മിലുള്ള ധാരണാനീക്കം പൊളിഞ്ഞതോടെ ബിജെപിയുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടമായ തെരഞ്ഞെടുപ്പില്‍ മുപ്പതു സീറ്റിലധികം നേടാമെന്നായിരുന്നു തൃണമൂലിന്റെ പ്രതീക്ഷ. എന്നാല്‍ സിപിഎമ്മില്‍നിന്നു പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ എത്തുന്നത് ഈ പ്രതീക്ഷയ്ക്കു വിഘാതമാവുന്നതായി അവര്‍ പറയുന്നു. പത്തു ശതമാനം സിപിഎം വോട്ട് ബിജെപിയില്‍ എത്തിയാല്‍ തൃണമൂലിന്റെ സാധ്യത ഇരുപത്തിയഞ്ചു സീറ്റില്‍ കുറയുമെന്നാണ് അവരുടെ വിലയിരുത്തല്‍.

ബംഗാളില്‍ ഹിന്ദു വോട്ടുകളില്‍ ഏകീകരണമുണ്ടാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ നിര്‍ണായകമല്ലാത്ത പതിനഞ്ചു മണ്ഡലങ്ങളില്‍ ബിജെപി വ്യക്തമായ മേല്‍ക്കൈ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനു പുറമേ സിപിഎമ്മില്‍നിന്നു ചോരുന്ന വോട്ടുകള്‍ കൂടിയാവുമ്പോള്‍ ബംഗാളി മധ്യവര്‍ഗത്തിലും സ്വാധീനശക്തിയാവാന്‍ ബിജെപിക്കാവുമെന്നാണ് കരുതുന്നത്. ഒരുകാലത്ത് നെടുങ്കോട്ടയായിരുന്ന ബംഗാളില്‍നിന്ന് ഇക്കുറി ഇടതിനു സീറ്റുകളൊന്നും കിട്ടാതിരിക്കാനുള്ള സാധ്യതയും ചിലര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.  

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 42ല്‍ രണ്ടിടത്താണ് ബിജെപിക്കു ജയിക്കാനായത്. ഇത്തവണ വന്‍ മുന്നേറ്റമാണ് പാര്‍ട്ടി ഇവിടെ ലക്ഷ്യമിടുന്നത്. കുറഞ്ഞത് 23 സീറ്റുകളില്‍ ബിജെപി ജയം നേടുമെന്നാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആവര്‍ത്തിച്ച് അവകാശപ്പെടുന്നത്. പതിനാറു ശതമാനമായിരുന്നു കഴിഞ്ഞ തവണ ബംഗാളില്‍ ബിജെപിയുടെ വോട്ടു വിഹിതം. അഞ്ചു വര്‍ഷം  കൊണ്ട് ഇതു സ്വാഭാവികമായും ഉയര്‍ന്നിട്ടുണ്ടെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു.

ബംഗാളിലെ ഇടതുപക്ഷം തങ്ങളെയാണ് മുഖ്യശത്രുവായി കാണുന്നത് എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഇടതുപക്ഷത്തിന്റെ വോ്ട്ടു ബാങ്കായ ന്യൂനപക്ഷങ്ങളില്‍ കൂടുതലായി കടന്നുകയറിയിട്ടുള്ളത് തൃണമൂല്‍ കോണ്‍ഗ്രസാണ്. പ്രാദേശിക തലത്തില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളിലും ഒരുപക്ഷത്ത് തൃണമൂലാണുള്ളത്. ഇത്തരം ഘടകങ്ങള്‍ കണക്കിലെടുത്ത് തൃണമൂലിനേക്കാള്‍ സ്വീകാര്യതയുള്ള പാര്‍ട്ടിയായി അവര്‍ ബിജെപിയെ കാണുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ആഭ്യന്തരമായി വിലയിരുത്തുന്നതും ഇതേ സാഹചര്യമാണ്. ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്കു വേഗം കൂട്ടുന്നത് ഇടതു പ്രവര്‍ത്തകരുടെ കൂട്ടത്തോടെയുള്ള കൂടുമാറ്റമാണെന്ന് അവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com