കിങ്‌മേക്കറാകുമോ ചന്ദ്രബാബു നായിഡു?; രാഹുലിനെയും യെച്ചൂരിയെയും വീണ്ടും കണ്ടു, തിരക്കിട്ട ചര്‍ച്ചകള്‍ 

വോട്ടെണ്ണലിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തിരക്കിട്ട ചര്‍ച്ചകള്‍
കിങ്‌മേക്കറാകുമോ ചന്ദ്രബാബു നായിഡു?; രാഹുലിനെയും യെച്ചൂരിയെയും വീണ്ടും കണ്ടു, തിരക്കിട്ട ചര്‍ച്ചകള്‍ 

ന്യൂഡല്‍ഹി: വോട്ടെണ്ണലിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തിരക്കിട്ട ചര്‍ച്ചകള്‍. പ്രതിപക്ഷ ഐക്യനിരയ്ക്ക് രൂപം നല്‍കാന്‍ നേതൃപരമായ പങ്കുവഹിക്കുന്ന ടിഡിപി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഏതാനും ദിവസങ്ങളായി ഡല്‍ഹിയില്‍ തങ്ങി ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കുകയാണ്. തുടര്‍ച്ചയായി രണ്ടാം തവണയും കോണ്‍ഗ്രസ്് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തി.  ബിഎസ്പി നേതാവ് മായാവതി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവരുമായും ചര്‍ച്ച നടത്തി പ്രതിപക്ഷ ഐക്യനിര ഊട്ടിയുറപ്പിക്കാനുളള ശ്രമത്തിലാണ് നായിഡു.

ശനിയാഴ്ച രാഹുല്‍ ഗാന്ധിയുമായി നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം ബിഎസ്പി അധ്യക്ഷ മായാവതിയും എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. എസ്പി-ബിഎസ്പി നേതാക്കളുമായുള്ള നായിഡുവിന്റെ കൂടിക്കാഴ്ച ലഖ്‌നൗവിലായിരുന്നു. ഇതിനു ശേഷമാണ് അദ്ദേഹം രാഹുലുമായി രണ്ടാംഘട്ട കൂടിക്കാഴ്ച നടത്തിയത്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി ജനറല്‍ സെക്രട്ടറി ശരത് പവാര്‍, ലോക്താന്ത്രിക് ജനതാദള്‍ ശരദ് യാദവ്, ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ എന്നിവരുമായും നായിഡു ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഞായറാഴ്ച വീണ്ടും യെച്ചൂരിയുമായി നായിഡു കൂടിക്കാഴ്ച നടത്തി.

ഫലം പുറത്തെത്തുന്ന മേയ് 23ന് സോണിയാ ഗാന്ധിയുടെ ആതിഥേയത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം നടക്കുന്നുണ്ട്. ഇതിനു മുന്നോടിയായാണ് പ്രതിപക്ഷത്തെ പ്രധാന നേതാക്കളുമായി നായിഡു ചര്‍ച്ച നടത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com