ടിക് ടോക് താരമായ ജിംനേഷ്യം പരിശീലകനെ അജ്ഞാതസംഘം വെടിവെച്ച് കൊന്നു; അന്വേഷണം

ഗുരുതരമായി പരിക്കേറ്റ മോഹിതിനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
ടിക് ടോക് താരമായ ജിംനേഷ്യം പരിശീലകനെ അജ്ഞാതസംഘം വെടിവെച്ച് കൊന്നു; അന്വേഷണം

ന്യൂഡല്‍ഹി: പ്രമുഖ ടിക് ടോക് താരവും ജിംനേഷ്യം പരിശീലകനുമായ ആളെ അജ്ഞാതസംഘം വെടിവെച്ചു കൊലപ്പെടുത്തി. ഡല്‍ഹി സ്വദേശിയായ മോഹിത് മോര്‍(27)ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും പതിമൂന്ന് ബുള്ളറ്റുകളാണ് കണ്ടെടുത്തത്. കഴിഞ്ഞദിവസം വൈകിട്ട് ഡല്‍ഹി ധര്‍മ്മപുരയിലായിരുന്നു സംഭവം. 

ധര്‍മ്മപുരയിലെ ഫോട്ടോസ്റ്റാറ്റ് കടയില്‍ സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് മോഹിതിന് വെടിയേറ്റത്. കടയിലേക്ക് ഇരച്ചുകയറിയ മൂന്നംഗ സംഘം ഇയാള്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മോഹിതിനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കറുത്ത മുഖംമൂടി ഉപയോഗിച്ച് മുഖം മറച്ചവരാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു. ബൈക്കുകളിലെത്തിയ സംഘം സംഭവത്തിനുശേഷം സമീപത്തെ ഇടുങ്ങിയ വഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം 

ഡല്‍ഹിയിലെ ജിംനേഷ്യം പരിശീലകനായ മോഹിത് മോര്‍ ഫിറ്റ്‌നസ് വീഡിയോകളിലൂടെയാണ് ടിക് ടോക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ പ്രശസ്തനായത്. അഞ്ചുലക്ഷത്തിലധികം പേരാണ് മോഹിത് മോറിനെ ടിക് ടോകില്‍ പിന്തുടരുന്നത്.അന്വേഷണത്തിന്റെ ഭാഗമായി മോഹിതിന്റെ സാമൂഹികമാധ്യമങ്ങളിലെ അക്കൗണ്ടുകളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com