300 സീറ്റും കടന്ന് ബിജെപി; തുടര്‍ ഭരണം ഉറപ്പാക്കിയ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയെന്ന ചരിത്ര നേട്ടവുമായി നരേന്ദ്ര മോദി

ഒറ്റയ്ക്ക് അധികാരത്തിലേറാനുള്ള മികച്ച വിജയമാണ് ബിജെപി പിടിച്ചെടുത്തത്
300 സീറ്റും കടന്ന് ബിജെപി; തുടര്‍ ഭരണം ഉറപ്പാക്കിയ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയെന്ന ചരിത്ര നേട്ടവുമായി നരേന്ദ്ര മോദി

ന്യൂഡൽഹി: ഇന്ത്യ മുഴുവൻ മോദി തരം​ഗം ആഞ്ഞടിച്ചപ്പോൾ ബിജെപിയുടെ ലീഡ് 300 കടന്നു. 303 സീറ്റുകളിലാണ് അവർ ലീഡ് ചെയ്യുന്നത്. ഒറ്റയ്ക്ക് അധികാരത്തിലേറാനുള്ള മികച്ച വിജയമാണ് ബിജെപി പിടിച്ചെടുത്തത്. യുപിഎ തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസിനു ആശ്വാസം നല്‍കിയത് കേരളത്തിലെയും പഞ്ചാബിലെയും മുന്നേറ്റങ്ങള്‍ മാത്രം. തുടര്‍ ഭരണം ഉറപ്പാക്കിയ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറി. ബിജെപി 303 സീറ്റുകളിൽ മുന്നേറിയപ്പോൾ എൻഡിഎ സഖ്യം 353 സീറ്റുകളിലാണ് മുന്നേറ്റം നടത്തിയത്. 

ബിജെപി രൂപീകൃതമായ ശേഷം ചരിത്രത്തിലെ ഏറ്റവും വലിയ വോട്ട് വിഹിതത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത്. ദേശീയതയും ദേശ സുരക്ഷയും പ്രധാന പ്രചാരണ വിഷയമാക്കിയ തിരഞ്ഞെടുപ്പില്‍ 39 ശതമാനത്തിനടുത്താണ് ബിജെപിയുടെ വോട്ട് വിഹിതം. അന്തിമ ഫലം വരുമ്പോള്‍ ശതമാനക്കണക്കില്‍ മാറ്റം വരാം. 

നരേന്ദ്ര മോദി എന്ന ഒറ്റ വ്യക്തിയില്‍ കേന്ദ്രീകരിച്ചായിരുന്നു ബി.ജെ.പിയും എന്‍.ഡി.എയും ഇക്കുറി വോട്ടുതേടിയത്. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തുടരണമെന്ന് ജനം വിധിയെഴുതി. രാവിലെ വോട്ടെണ്ണി തുടങ്ങിയതു മുതല്‍ എക്സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന പ്രകടനമായിരുന്നു ബിജെപിയുടേത്. പതിനൊന്നുമണിയായപ്പോഴേക്കും ചിത്രം വ്യക്തമായി. രാജ്യമെങ്ങും മോദി തരംഗം കൊടുങ്കാറ്റായി മാറിക്കഴിഞ്ഞിരുന്നു. ഉത്തര്‍പ്രദേശില്‍ ചില സീറ്റുകള്‍ നഷ്ടപ്പെട്ടതൊഴിച്ചാല്‍ 2014ല്‍ ഹിന്ദി ഹൃദയഭൂമിയിലടക്കം നേടിയ വിജയം ബിജെപി ആവര്‍ത്തിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 282 സീറ്റ് വിജയം മറികടന്നു. 

ഉത്തര്‍പ്രദേശില്‍ എസ്പി, ബിഎസ്പി സഖ്യത്തിനു അടിതെറ്റി. പ്രിയങ്ക ഗാന്ധി പ്രചാരണത്തിനിറങ്ങിയിട്ടും കോണ്‍ഗ്രസിനെ രക്ഷിക്കാനായില്ല. റായ്ബറേലിയില്‍ സോണിയ ഗാന്ധിയുടെ വിജയിച്ചപ്പോൾ അമേഠിയിൽ രാഹുൽ ​ഗാന്ധി സ്മൃതി ഇറാനിയോട് പരാജയം ഏറ്റുവാങ്ങി. വയനാട്ടിലെ നാല് ലക്ഷത്തിലധികം ഭൂരിപക്ഷത്തിൽ നേടിയ വിജയം രാഹുലിന് ആശ്വസമായി. 

മമത ബാനർജിയുടെ കനത്ത വെല്ലുവിളി മറികടന്ന് ബം​ഗാളിലും നവീന്‍ പട്നായിക്കിന്‍റെ ഒഡിഷയിലും വിജയക്കൊടി പാറിക്കാനും മോദിയുടെ കരുത്തില്‍ ബിജെപിക്ക് കഴിഞ്ഞു. ബംഗാളിലും ത്രിപുരയിലും മത്സരിച്ച മുഴുവന്‍ സീറ്റിലും സിപിഎം തോറ്റു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ച രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. രാജസ്ഥാനിലെ 25 സീറ്റും തുടര്‍ച്ചയായ രണ്ടാം തവണയും ബിജെപി തൂത്തുവാരി. ബിഹാറില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും അടങ്ങുന്ന മഹാസഖ്യത്തിനും നിലംതൊടാനായില്ല. കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് ഭരിക്കുന്ന കര്‍ണാടകയിലും മോദി മാജിക്ക് ഫലം കണ്ടു. 

മധ്യപ്രദേശില്‍ 29 സീറ്റില്‍ മുഖ്യമന്ത്രി കമല്‍നാഥിന്‍റെ മകന്‍ മത്സരിച്ച ചിന്ദ്വാഡയിലെ ജയം കൊണ്ട് കോണ്‍ഗ്രസിനു തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൂടെ നിന്ന ഗുണയില്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ വമ്പന്‍ പരാജയം ഏറ്റുവാങ്ങി. മാലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രജ്ഞ ഠാക്കൂര്‍ ഭോപ്പാലില്‍ മുന്‍ മുഖ്യമന്ത്രി ദിഗ്‍വിജയ് സിങ്ങിനെ വന്‍ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചു. 

കൂട്ടുകക്ഷി ഭരണമാണ് രാജ്യത്തിനു നല്ലതെന്ന ആശയത്തോട് കടുത്ത വിയോജിപ്പുള്ളയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം തവണയും ബിജെപിയെ ഒറ്റയ്ക്ക് അധികാരത്തില്‍ എത്തിച്ച നരേന്ദ്ര മോദി ഇന്ത്യയില്‍ കൂട്ടുകക്ഷി ഭരണത്തിനു പ്രസക്തി നഷ്ടപ്പെട്ടെന്ന് പ്രകടനത്തിലൂട അടിവരയിടുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com