പി ബി അംഗം മുഹമ്മദ് സലിം മൂന്നാംസ്ഥാനത്ത് ; കെട്ടിവെച്ച കാശുപോലും കിട്ടാതെ സിപിഎം സ്ഥാനാര്‍ത്ഥികള്‍ ; ബംഗാളില്‍ തകര്‍ന്നടിഞ്ഞ് ഇടതുപക്ഷം

രണ്ട് സിറ്റിങ് സീറ്റുകളും 34 സീറ്റുകളില്‍ രണ്ടാംസ്ഥാനവുമായാണ് ഇടതുമുന്നണി ഇത്തവണ ബംഗാളില്‍ മല്‍സരിക്കാനിറങ്ങിയത്
പി ബി അംഗം മുഹമ്മദ് സലിം മൂന്നാംസ്ഥാനത്ത് ; കെട്ടിവെച്ച കാശുപോലും കിട്ടാതെ സിപിഎം സ്ഥാനാര്‍ത്ഥികള്‍ ; ബംഗാളില്‍ തകര്‍ന്നടിഞ്ഞ് ഇടതുപക്ഷം

കൊല്‍ക്കത്ത : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ സിപിഎമ്മിനേറ്റത് കനത്ത തിരിച്ചടി. രണ്ട് സിറ്റിംഗ് സീറ്റ് അടക്കം മല്‍സരിച്ച ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. അതുമാത്രമല്ല, സിപിഎമ്മിന്റെ 39 സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശുപോലും കിട്ടിയില്ല എന്നത് രണ്ടര പതിറ്റാണ്ടോളം സംസ്ഥാനം ഭരിച്ച പാര്‍ട്ടിയുടെ വീഴ്ചയുടെ ആഘാതം വ്യക്തമാക്കുന്നു. 

രണ്ട് സിറ്റിങ് സീറ്റുകളും 2014 ലെ കണക്കുപ്രകാരം 34 സീറ്റുകളില്‍ രണ്ടാംസ്ഥാനവുമായാണ് ഇടതുമുന്നണി ഇത്തവണ ബംഗാളില്‍ മല്‍സരിക്കാനിറങ്ങിയത്. ഒരുസീറ്റെങ്കിലും കിട്ടിയാല്‍ നേട്ടം എന്നതായിരുന്നു സിപിഎമ്മിന്റെ പ്രതീക്ഷ. എന്നാല്‍ ഫലം വന്നപ്പോള്‍ സമ്പൂര്‍ണ്ണപരാജയമായി. 

സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ റായ്ഗഞ്ചില്‍ പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാമത്തെ സിറ്റിങ് സീറ്റായിരുന്ന മൂര്‍ഷിദാബാദില്‍ പ്രമുഖ നേതാവ് ബദറുദ്ദോസ ഖാന്‍ നാലാംസ്ഥാനത്തേക്ക് ഒതുക്കപ്പെട്ടു. ആര്‍ക്കും കെട്ടിവച്ച കാശ് കിട്ടിയില്ല. 

ജാദവ്പൂരില്‍ 21 ശതമാനത്തിലധികം വോട്ടുനേടിയ ബികാഷ് രഞ്ജന്‍ ഭട്ടാചാര്യമാത്രമാണ് ഈ അപമാനത്തില്‍ നിന്ന് രക്ഷപെട്ടത്. ഇവിടെ ഭട്ടാചാര്യ മൂന്നാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഭൂരിപക്ഷം സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും പങ്കിട്ടെടുത്തു. ഒരു സീറ്റ് കോണ്‍ഗ്രസും നേടി. ഇപ്പോഴുള്ള ഏഴുശതമാനം വോട്ടുകൂടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൊണ്ടുപോകാതിരിക്കാന്‍ പാര്‍ട്ടി നേതൃത്വം എന്ത് നടപടി സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് സിപിഎം പ്രവര്‍ത്തകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com