കുമാരസ്വാമി സർക്കാരിനെ താഴെയിറക്കാൻ കരുക്കൾ നീക്കിയത് അമിത് ഷാ; യെദ്യൂരപ്പയുടെ ശബ്ദ രേഖ പുറത്ത്; വിവാദം

കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ശബ്ദ രേഖയാണ് പുറത്തായത്
കുമാരസ്വാമി സർക്കാരിനെ താഴെയിറക്കാൻ കരുക്കൾ നീക്കിയത് അമിത് ഷാ; യെദ്യൂരപ്പയുടെ ശബ്ദ രേഖ പുറത്ത്; വിവാദം

ബംഗളൂരു: കർണാടകയിൽ എച്ച്ഡി കുമാരസ്വാമി നേതൃത്വം നൽകിയ കോണ്‍ഗ്രസ്- ജനതാദൾ സെക്കുലർ സഖ്യ സർക്കാരിനെ പുറത്താക്കാന്‍ കരുനീക്കങ്ങളെല്ലാം നടത്തിയത് ബിജെപി ദേശീയ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായാണെന്നു വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ് പുറത്ത്. കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ശബ്ദ രേഖയാണ് പുറത്തായത്.

സർക്കാരിനെ താഴെയിറക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയതും, എല്ലാം തയാറാക്കിയതും അമിത് ഷായാണെന്നാണു ശബ്ദരേഖയിൽ പറയുന്നത്. ബിജെപി സർക്കാര്‍ അധികാരത്തിലെത്തി 100 ദിവസം പൂർത്തിയാക്കുമ്പോഴാണു മുഖ്യമന്ത്രിയുടെ ഓഡിയോ ക്ലിപ് പുറത്തായത്. ശബ്ദ രേഖയുടെ ആധികാരികത യെദ്യൂരപ്പ നിഷേധിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ഒരു നിയമസഭാ മണ്ഡലത്തിലെ മാത്രം കാര്യമാണു പ്രവർത്തകരുമായി ചർച്ച ചെയ്തതെന്ന് യെദ്യൂരപ്പ ദേശീയ മാധ്യമത്തോടു പറഞ്ഞു.

പാർട്ടിയുടെ താത്പര്യങ്ങൾ ബിജെപി പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു എന്നാണ് യെദ്യൂരപ്പ ഇതേക്കുറിച്ചു പ്രതികരിച്ചത്. കർണാടകയിലെ സർക്കാരിനെ താഴെയിറക്കാൻ കാരണക്കാരായ 17 എംഎല്‍എമാരോടും നല്ല രീതിയിൽ പെരുമാറണമെന്നും ബിജെപി പ്രവർത്തകരോട് യെദ്യൂരപ്പ പറയുന്നതായി രേഖയിലുണ്ട്. 

‘എച്ച്.ഡി. കുമാരസ്വാമി സർക്കാരിനു നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടിവന്ന സാഹചര്യത്തിൽ, വിമത എംഎൽഎമാർ മുംബൈയിലെ നക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്നു. ഇവരെ വച്ചുള്ള ആസൂത്രണങ്ങളെക്കുറിച്ച് അമിത് ഷായ്ക്ക് അറിയാം. യെദ്യൂരപ്പയല്ല ഇതെല്ലാം ചെയ്തതെന്നു നിങ്ങൾക്ക് അറിയില്ലേ? ദേശീയ അധ്യക്ഷനാണ് ഇതിനെല്ലാം നേതൃത്വം നൽകിയത്. അവർ നമ്മളെ സഹായിച്ചു. ബിജെപിയെ ഭരണകക്ഷിയാക്കുന്നതിനാണ് സഹായിച്ചത്. സുപ്രീം കോടതി വരെ പോയി. നമ്മളെല്ലാം അവരുടെ കൂടെ നിൽക്കണം. നിങ്ങളിൽ നിന്ന് ഇങ്ങനെയൊരു കാര്യം പ്രതീക്ഷിച്ചില്ല. എനിക്കു മുഖ്യമന്ത്രി ആകാൻ താത്പര്യമില്ല. മൂന്നോ, നാലോ തവണ ഞാൻ മുഖ്യമന്ത്രിയായിരുന്നു. അവരെ എന്നിൽ വിശ്വസിപ്പിച്ചു മുഖ്യമന്ത്രിയായത് ഒരു കുറ്റം ചെയ്ത പോലെയാണെന്നാണു എനിക്ക് ഇപ്പോൾ തോന്നുന്നത്’‌- യെദ്യൂരപ്പ ശബ്ദരേഖയിൽ പറയുന്നു.

കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പാർട്ടി പ്രവർത്തകരുമായി സംസാരിക്കുന്നതിന്റെ ഓഡിയോ ടേപ് സമൂഹ മാധ്യമങ്ങളിലെത്തി ദിവസങ്ങൾക്കകമാണു കർണാടക മുഖ്യമന്ത്രിയുടെയും ശബ്ദ രേഖ പുറത്തായത്. ജാതി രാഷ്ട്രീയത്തക്കുറിച്ചായിരുന്നു സിദ്ധരാമയ്യ പാർട്ടി പ്രവർത്തകരുമായി സംസാരിച്ചത്. 

ഓഡിയോ ക്ലിപ്പിന്റെ പേരിൽ കർണാടക സർക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഓപറേഷൻ കമലയെക്കുറിച്ചുള്ള യെദ്യൂരപ്പയുടെ കുറ്റസമ്മതമാണു പുറത്തു വന്നിരിക്കുന്നതെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു പ്രതികരിച്ചു. കൂറുമാറിയ നിയമസഭാംഗങ്ങളെ രണ്ട് മാസത്തിലധികം മുംബൈയിൽ സംരക്ഷിച്ചത് അമിത് ഷായാണെന്ന് യെദ്യൂരപ്പ വ്യക്തമായി പറയുന്നുണ്ട്. സർക്കാരിനെ താഴെയിടുന്നതിൽ ബുദ്ധി കേന്ദ്രമായി പ്രവർത്തിച്ചത് ബിജെപിയാണെന്നു വ്യക്തമാകാൻ ഇനിയെന്തു തെളിവു വേണമെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ ട്വിറ്ററിൽ കുറിച്ചു.

ഇക്കഴിഞ്ഞ ജൂലൈയിലാണ് കർണാടകയിൽ ബിജെപി അധികാരത്തിലെത്തുന്നത്. കോണ്‍ഗ്രസ്, ജെഡിഎസ്, സ്വതന്ത്ര എംഎൽഎമാർ സർക്കാരിനെതിരെ കലാപമുയർത്തിയതോടെയാണ് എച്ച്ഡി. കുമാരസ്വാമി സർക്കാരിനു ഭരണം നഷ്ടമായത്. വിമത എംഎൽഎമാരെ നിയമസഭാ സ്പീക്കർ രമേഷ് കുമാർ പിന്നീട് അയോഗ്യരാക്കി. ഇതിനെതിരെ നൽകിയ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com