ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് ഇനി മൂന്നു പ്രവൃത്തിദിനങ്ങള്‍ മാത്രം ; വിധി പറയാന്‍ ആറ് സുപ്രധാന കേസുകള്‍ ; ആകാംക്ഷയില്‍ രാജ്യം

അയോധ്യ രാമജന്മഭൂമി ബാബറി മസ്ജിദ് കേസാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിധി പറയാനിരിക്കുന്നവയില്‍ ഏറ്റവും പ്രധാനം
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് ഇനി മൂന്നു പ്രവൃത്തിദിനങ്ങള്‍ മാത്രം ; വിധി പറയാന്‍ ആറ് സുപ്രധാന കേസുകള്‍ ; ആകാംക്ഷയില്‍ രാജ്യം

ന്യൂഡല്‍ഹി : സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് ഇനി മൂന്ന് ഔദ്യോഗിക പ്രവൃത്തിദിനങ്ങള്‍ കൂടി. ഈ മാസം 16 നാണ് രഞ്ജന്‍ ഗൊഗോയി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിക്കുന്നത്. ഈ മൂന്നുദിവസങ്ങളില്‍ രാജ്യം കാതോര്‍ത്തിരിക്കുന്ന ആറ് സുപ്രധാന കേസുകളിലാണ് അദ്ദേഹം വിധി പുറപ്പെടുവിക്കുക.

അയോധ്യ രാമജന്മഭൂമി ബാബറി മസ്ജിദ് കേസാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിധി പറയാനിരിക്കുന്നവയില്‍ ഏറ്റവും പ്രധാനം. ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരുള്‍പ്പെട്ട ഭരണഘടനാബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിക്കുക. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞിട്ടുണ്ട്.

റഫാല്‍ പോര്‍ വിമാന ഇടപാടിലെ അഴിമതിക്കെതിരെ അന്വേഷണം  ആവശ്യപ്പെട്ടുള്ള പുനഃപരിശോധന ഹര്‍ജികളാണ് രണ്ടാമത്തേത്. റഫാലില്‍ കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കിയ സുപ്രിംകോടതി വിധിക്കെതിരെയാണ് പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയത്. റഫാലുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്കെതിരെ  ബിജെപി നേതാവ് മീനാക്ഷി ലേഖി നല്‍കിയ കോടതി അലക്ഷ്യക്കേസാണ് മൂന്നാമത്തേത്.

യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ട് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികളാണ് അടുത്തത്. സുപ്രിംകോടതി വിധിയെത്തുടര്‍ന്ന് ഹിന്ദുസംഘടനകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം അരങ്ങേറിയത് കേരളത്തില്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ക്കും ഇടയാക്കിയിരുന്നു. മണ്ഡലകാലം ആരംഭിക്കാനിക്കുന്ന പശ്ചാത്തലത്തില്‍ സുപ്രിംകോടതി വിധി കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍പെടുമോ എന്ന വിഷയത്തിലാണ് ഗൊഗോയി മറ്റൊരു സുപ്രധാന വിധി പറയുക. രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളുടെ സ്വബാവം പണബില്ലിലൂടെ മാറ്റിയ സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിനെതിരെ റവന്യൂ ബാര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ആറാമത്തേത്. വെള്ളിയാഴ്ചത്തെ പട്ടികയില്‍ ഈ കേസൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. തിങ്കള്‍, ചൊവ്വ ദിവസങ്ങള്‍ കോടതി അവധിയാണ്. അടുത്ത ബുധന്‍ മുതല്‍ വെള്ളി വരെയാണ് ഇനി പ്രവൃത്തി ദിനങ്ങള്‍. അതുകൊണ്ടുതന്നെ ഈ മൂന്നു ദിനങ്ങളില്‍ സുപ്രധാന വിധികളുണ്ടാകും.

അടുത്തയാഴ്ച വിരമിക്കാനിരിക്കുന്ന സാഹചര്യത്തിലും സുപ്രധാന കേസുകളില്‍ വിധി പുറപ്പെടുവിക്കേണ്ട പശ്ചാത്തലത്തിലും അടിയന്തരമായി കേള്‍ക്കുന്ന ഹര്‍ജികളില്‍ നിന്നും ചീഫ് ജസ്റ്റിസ് ഒഴിവായി. കേസുകള്‍ അടിയന്തരമായി കേള്‍ക്കുന്നതിനുള്ള ആവശ്യങ്ങളുണ്ടെങ്കില്‍, നിയുക്ത ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിനെ സമീപിക്കാനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി കഴിഞ്ഞദിവസം അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കിയത്. കേസുകള്‍ നേരത്തെ പരിഗണിക്കാന്‍ മെന്‍ഷന്‍ ചെയ്യേണ്ടത് ഇനി രണ്ടാം നമ്പര്‍ കോടതിയിലാണെന്നാണ് ജസ്റ്റിസ് ഗൊഗോയ് വ്യക്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com