അഞ്ച് പേരെ കൊലപ്പെടുത്തിയ 'ബിന്‍ ലാദന്‍' ചരിഞ്ഞു; ബിജെപി എംഎല്‍എക്കെതിരെ ആക്ടിവിസ്റ്റുകൾ രം​ഗത്ത്  

സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി ഏഴ് ദിവസത്തിനകമാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്
അഞ്ച് പേരെ കൊലപ്പെടുത്തിയ 'ബിന്‍ ലാദന്‍' ചരിഞ്ഞു; ബിജെപി എംഎല്‍എക്കെതിരെ ആക്ടിവിസ്റ്റുകൾ രം​ഗത്ത്  

അസം: സോനിത്പുര്‍ ജില്ലയുടെ ഉറക്കം കെടുത്തി ഭീകരത സൃഷ്ടിച്ച 'ബിന്‍ ലാദന്‍' ചരിഞ്ഞു. ജില്ലയില്‍ ഒറ്റ ദിവസം മൂന്ന് സ്ത്രീകളെയടക്കം അഞ്ച് പേരെ കൊന്ന കാട്ടാനയെ വനംവകുപ്പ് പിടികൂടി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി ഏഴ് ദിവസത്തിനകമാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 

ഞായറാഴ്ച പുലർച്ചെ 5:45 ഓടെയാണ് സംരക്ഷണകേന്ദ്രത്തിൽ കൃഷ്ണ എന്ന വിളിപ്പോരുള്ള ലാദൻ ചരിഞ്ഞത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂ എന്നും അധികൃതർ പറഞ്ഞു. ആനയുടെ ശരീരത്തിൽ ധാരാളം പരിക്കുകൾ ഉണ്ടായിരുന്നെന്ന് അധികൃതർ പറഞ്ഞു. 

അസമിലെ ഗോള്‍പ്പാറ ജില്ലയിലെ വനത്തില്‍ നിന്നാണ് കാട്ടാന പിടിയിലായത്. ബിജെപി എംഎല്‍എ പദ്‍മ ഹസാരികയുടെ നേതൃത്വത്തിലാണ് ആനയെ  പിടികൂടിയത്. ഡ്രോണും പ്രദേശിക വളര്‍ത്താനകളെയും നാട്ടുകാരെയും ഉള്‍പ്പെടുത്തിയ വന്‍ സംഘം രൂപീകരിച്ചാണ് ലാദനെ വീഴ്ത്താനുള്ള പദ്ധതി തയാറാക്കിയത്. വ്യാപകമായ തിരച്ചിലില്‍ ലാദനെ കണ്ടെത്തിയ സംഘം മയക്കുവെടി വച്ച് വീഴ്ത്തുകയായിരുന്നു. 
ലാദനെ പിടികൂടാന്‍ കഴിയാതെ വന്നതോടെയാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ടി വി റെഡ്ഡി എംഎല്‍എയുടെ സഹായം തേടിയത്. പ്രശ്‍നക്കാരായ ആനകളെ മെരുക്കുന്നതില്‍ വൈദഗ്ധ്യം നേടിയിട്ടുള്ള എംഎല്‍എ ഇതിന് സമ്മതം അറിയിക്കുകയും ചെയ്‍തു. 

ആനയെ പിടികൂടിയ എംഎല്‍എയെ അഭിനന്ദിച്ച് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ആനയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ വിശദീകരണം തേടി വൈൽഡ്ലൈഫ് ആക്ടിവിസ്റ്റുകളടക്കം രം​ഗത്തെത്തിയിരിക്കുകയാണ്.  ആനയെ പിടികൂടാൻ വിദ​ഗ്ധരുടെ സംഘം ഉള്ളപ്പോൾ വനംവകുപ്പ് എന്തിനാണ് ഒരു ജനപ്രതിനിധിയുടെ സഹായം തേടിയതെന്നും കാട്ടാനയുടെ മരണത്തിൽ ഇദ്ദേഹത്തിന് പങ്കുണ്ടോയെന്നും ഇവർ ചോദിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com