ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങള്‍ക്കു കോടതി പ്രാമുഖ്യം നല്‍കി; അയോധ്യാ വിധിയില്‍ വിമര്‍ശനവുമായി സിപിഎം

അയോധ്യാ കേസില്‍ വന്നത് കോടതി വിധി മാത്രമാണെന്നും നീതി ഇനിയും വന്നില്ലെന്നും പൊളിറ്റ് ബ്യൂറോ
ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങള്‍ക്കു കോടതി പ്രാമുഖ്യം നല്‍കി; അയോധ്യാ വിധിയില്‍ വിമര്‍ശനവുമായി സിപിഎം

ന്യൂഡല്‍ഹി: ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ളതാണ് അയോധ്യാ കേസിലെ സുപ്രീം കോടതി വിധിയെന്ന് സിപിഎം. ചര്‍ച്ചയിലൂടെ തീര്‍ക്കാനാവാത്ത തര്‍ക്കം കോടതിയിലൂടെ തീര്‍ക്കണമെന്നാണ് പാര്‍ട്ടിയുടെ എന്നത്തെയും നിലപാടെങ്കിലും ഒട്ടേറെ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് വിധിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് അയോധ്യാ കേസിലെ വിധിയില്‍ ചീഫ് ജസ്റ്റിസ് ആവര്‍ത്തിച്ചു പറയുന്നുണ്ട്. വസ്തു തര്‍ക്കം വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ തീര്‍ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും അന്തിമ വിധി ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതാണ്. കേസിലെ ഹര്‍ജിക്കാരെ പരിഗണിക്കുന്നതിനു പകരം ഹിന്ദുക്കള്‍, മുസ്ലിംകള്‍ എന്ന് എന്നു പരാമര്‍ശിച്ച് കേസിന്റെ വ്യാപ്തി കൂട്ടുകയാണ് സുപ്രീം കോടതി ചെയ്തത്.

1992ല്‍ ബാബരി മസ്ജിദ് തകര്‍ത്തത് ഗുരുതരമായ നിയമ ലംഘനമാണെന്നാണ് വിധിയില്‍ പറയുന്നത്. ആ നിയമ ലംഘനം നടത്തിയവര്‍ക്കു തന്നെ ഭൂമി കൈമാറുകയും ചെയ്യുന്നു. 1949ല്‍ മസ്ജിദിന് അകത്ത് വിഗ്രഹം വച്ചത് നിയമ വിരുദ്ധമായ പ്രവൃത്തിയാണെന്നാണ് വിധി ചൂണ്ടിക്കാട്ടുന്നത്. തര്‍ക്ക ഭൂമി മൊത്തമായി ആ നിയമ ലംഘനം നടത്തിയവര്‍ക്കാണ് കൈമാറുന്നത്. 

ഹിന്ദുത്വ ശക്തികള്‍ പറയുന്നതു പോലെ ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ നടത്തിയ ഖനനത്തില്‍ കണ്ടെത്തിയില്ലെന്ന് വിധി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ 1528 മുതല്‍ 1857 വരെ മസ്ജിദിന്റെ ഭൂമി സ്വന്തമായിരുന്നുവെന്നതിന് മുസ്ലിംകള്‍ക്ക് തെളിവു ഹാജരാക്കാനായില്ലെന്നും അതില്‍ പറയുന്നു. പള്ളി പണിതത് 1528ല്‍ ആണ്. ബ്രിട്ടിഷുകാര്‍ ഔധ് കൈവശപ്പെടുത്തുന്ന 1856 വരെ മുഗളരുടെയും ഔധ് നവാബന്മാരുടെയും കീഴിലായിരുന്നു ഈ പ്രദേശം. 1857 വരെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമൊന്നും ഉണ്ടായിരുന്നില്ലെന്ന വസ്തുത മുസ്ലിംകളുടെ ഉടമാവകാശത്തിന് തെളിവല്ലെന്നാണ് കോടതി പറയുന്നത്. അതേസമയം ഉടമസ്ഥാവകാശം സംബന്ധിച്ച് ഹിന്ദുക്കളുടെ വാദം വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ കോടതി അംഗീകരിക്കുകയും ചെയ്യുന്നു.

എല്ലാ മതങ്ങളുടെയും തുല്യാവകാശവും മതേതരത്വവും ഉയര്‍ത്തിപ്പിക്കുന്ന നിയമമായി 1991ലെ പ്ലേസസ് ഒഫ് വോര്‍ഷിപ്പ് ആക്ടിനെ കോടതി എടുത്തു പറയുന്നുണ്ട്. 1947 ഓഗസ്റ്റ് 15ന് ഉണ്ടായിരുന്ന അവസ്ഥയില്‍നിന്ന് ഒരു ആരാധനാ സ്ഥലത്തിലും മാറ്റം വരുത്താനാവില്ല. കാശിയിലും മഥുരയിലും ഉണ്ടാവനിടയുള്ള പ്രശ്‌നങ്ങളെ അയോധ്യാ വിധിയില്‍ കോടതി കണക്കിലെടുത്തില്ല. കാശിയും മഥുരയും ഇപ്പോള്‍ അജന്‍ഡയില്‍ ഇല്ലാത്ത് വിഷയങ്ങളാണെന്നാണ് ആര്‍എസ്എസ് മേധാവി പറയുന്നത്. ഭാവിയില്‍ അത് അജന്‍ഡയില്‍ ഉള്ള കാര്യങ്ങള്‍ ആവുന്നത് തള്ളിക്കളയാനാവില്ല- സിപിഎം ചൂണ്ടിക്കാട്ടി.

1949ലും 1992ഉം ബാബരി മസ്ജിദില്‍ ഉണ്ടായത് ഗുരുതരമായ നിയമ ലംഘനങ്ങളാണെന്ന് കോടതി പറയുന്നുണ്ട്. എന്നാല്‍ നിയമ ലംഘകരെ ശിക്ഷിച്ചു നീതി നടപ്പാക്കാന്‍ ഇനിയും നടപടികള്‍ ആയിട്ടില്ല. എല്‍കെ അഡ്വാനി, മുരളീമനോഹര്‍ ജോഷി, കല്യാണ്‍ സിങ് തുടങ്ങിയവര്‍ക്കെതിരായ നിയമ നടപടികള്‍ ഇരുപത്തിയെട്ടു വര്‍ഷത്തിനു ശേഷവും ഇഴയുകയാണ്. അയോധ്യാ കേസില്‍ വന്നത് കോടതി വിധി മാത്രമാണെന്നും നീതി ഇനിയും വന്നില്ലെന്നും പൊളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com