എല്ലാ മാസവും അക്കൗണ്ടില്‍ പണമെത്തി; മോദിജി തരുന്നതാണെന്ന് കരുതി ചെലവാക്കി; പക്ഷേ സംഭവിച്ചത് ഇതാണ്

പണം എത്താന്‍ മറ്റ് വഴികളൊന്നുമില്ലാത്തതിനാല്‍ മോദി വാക്കുപാലിച്ചതാണെന്ന് വിചാരിച്ച് അദ്ദേഹം സന്തോഷത്തോടെ പണം ചെലവാക്കിക്കൊണ്ടിരുന്നു
എല്ലാ മാസവും അക്കൗണ്ടില്‍ പണമെത്തി; മോദിജി തരുന്നതാണെന്ന് കരുതി ചെലവാക്കി; പക്ഷേ സംഭവിച്ചത് ഇതാണ്

ഭോപ്പാല്‍; കള്ളപ്പണം പിടിച്ചെടുത്ത് രാജ്യത്തെ എല്ലാ പൗരന്മാരുടേയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കും എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയാണ് കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരത്തിലേറിയത്. നരേന്ദ്ര മോദിയുടെ വാക്കു വിശ്വസിച്ച് ബാങ്ക് അക്കൗണ്ട് തുടങ്ങിയവരും നിരവധിയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി മധ്യപ്രദേശിലെ ഭിന്ദ് സ്വദേശിയായ ഹുക്കും സിങ്ങിന്റെ അക്കൗണ്ടിലേക്ക് മുടങ്ങാതെ പണം എത്തിക്കൊണ്ടിരുന്നു. പണം എത്താന്‍ മറ്റ് വഴികളൊന്നുമില്ലാത്തതിനാല്‍ മോദി വാക്കുപാലിച്ചതാണെന്ന് വിചാരിച്ച് അദ്ദേഹം സന്തോഷത്തോടെ പണം ചെലവാക്കിക്കൊണ്ടിരുന്നു. 

ആറ് മാസം കഴിഞ്ഞപ്പോഴാണ് പണത്തിന് പിന്നിലെ രഹസ്യം പുറത്തുവരുന്നത്. മധ്യപ്രദേശിയെ അലംപൂര്‍ എസ്ബിഐ ശാഖയിലെ ഹുക്കുമിന്റെ അക്കൗണ്ടിലേക്കാണ് പണം എത്തിയിരുന്നത്. എന്നാല്‍ ഇത് മറ്റൊരു ഹുക്കുമിന്റെ പണമായിരുന്നു. ശാഖ മാനേജര്‍ ആയ രാജേഷ് സൊങ്കര്‍ രണ്ടു ഉപഭോക്താക്കള്‍ക്ക് ഒരേ അക്കൗണ്ട് നമ്പര്‍ നല്‍കിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. റൂറൈ ഗ്രാമത്തിലെ ഹുക്കും സിങ്ങിനും റോണി ഗ്രാമത്തിലെ ഹുക്കും സിങ്ങിനും ഒരേ അക്കൗണ്ട് നമ്പറാണ് ബാങ്ക് നല്‍കിയത്.

റൂറൈ ഗ്രാമത്തില്‍ നിന്നുള്ള ഹുക്കും ജോലിക്കായി ഹരിയാനയിലെത്തുകയും സമ്പാദ്യമെല്ലാം എസ്ബിഐ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. ഈ പണമെല്ലാം ചെന്നെത്തിയത് റോണി ഗ്രാമത്തിലുള്ള ഹുക്കുമിന്റെ അക്കൗണ്ടില്‍. തന്റെ അക്കൗണ്ടില്‍ വന്ന പണത്തിന് പിന്നില്‍ മോദിയാണെന്നുറപ്പിച്ച ഹുക്കും പണം പിന്‍വലിച്ചുകൊണ്ടിരുന്നു. ആറ് മാസത്തില്‍ 89000 രൂപയാണ് ഹുക്കും പിന്‍വലിച്ചത്. 

ഹരിയാനയില്‍ ജോലിക്ക് പോയ ഹുക്കും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചത്ര പണമില്ലെന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വിവരം പുറത്തറിയാതിരിക്കാന്‍ ബാങ്ക് അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് പണം നഷ്ടപ്പെട്ട ഹുക്കും പറയുന്നു. എന്നാല്‍ തന്റെ കൈയില്‍ പണമില്ലായിരുന്നെന്നും മോദിജിയാണ് പണം തരുന്നത് എന്ന് കരുതിയാണ് തന്റെ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിച്ചത് എന്നാണ് ഹുക്കും പറയുന്നത്. അബദ്ധം പറ്റിയതായി എസ്ബിഐ ശാഖ സമ്മതിച്ചിട്ടുണ്ട്. അതേസമയം പ്രശ്‌നം എങ്ങനെ പരിഹരിക്കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com