ഫഡ്‌നാവിസ് സര്‍ക്കാര്‍ വീഴുന്നു; അജിത് പവാര്‍ രാജിവച്ചു

ഭൂരിപക്ഷം ഉറപ്പിക്കാനാവാത്ത സാഹചര്യത്തിലാണ് എന്‍സിപി നേതാവായ അജിത് പവാറിന്റെ രാജി
ഫഡ്‌നാവിസ് സര്‍ക്കാര്‍ വീഴുന്നു; അജിത് പവാര്‍ രാജിവച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിന്റെ വിശ്വാസവോട്ട് നാളെ നടക്കാനിരിക്കെ, ഉപമുഖ്യമന്ത്രി അജിത് പവാര്‍ രാജിവച്ചു. ഭൂരിപക്ഷം ഉറപ്പിക്കാനാവാത്ത സാഹചര്യത്തിലാണ് എന്‍സിപി നേതാവായ അജിത് പവാറിന്റെ രാജി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാജി വയ്ക്കുമെന്ന് സൂചനകളുണ്ട്.

നാളെ വിശ്വാസവോട്ടെടുപ്പു നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിനു പിന്നാലെ, ഭൂരിപക്ഷമുണ്ടെന്ന് ബിജെപി നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടയിലാണ് അജിത് പവാറിന്റെ രാജി. അതേസമയം തന്നെ സര്‍ക്കാരിനു ഭൂരിപക്ഷമായിട്ടില്ലെന്ന് എന്‍ഡിഎ ഘടകക്ഷിയായ ആര്‍പിഐയുടെ നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അതവാലെ വെളിപ്പെടുത്തി. എന്‍സിപിയില്‍നിന്നു കൂടുതല്‍ പിന്തുണ കിട്ടിയാലേ ഭൂരിപക്ഷം ഉറപ്പിക്കാനാവൂ എന്ന് അതവാലെ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

അജിത് പവാറിനൊപ്പം എന്‍സിപി എംഎല്‍എമാര്‍ ആരുമില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമായിരുന്നു. അജിത് പവാര്‍ ഒഴികെയുള്ള എംഎല്‍എമാരെയെല്ലാം എന്‍സിപി-സേനാ-കോണ്‍ഗ്രസ് സഖ്യം മുംബൈയിലെ ഹോട്ടലില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുപ്പിച്ചു. ഇതോടെ അദ്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് അജിത് പവാറിന്റെ രാജി.

നാളെ വൈകിട്് അഞ്ചു മണിക്കകം വിശ്വാസവോട്ട് തേടാനാണ് സുപ്രീം കോടതി ഫഡ്‌നാവിസ് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിട്ടുള്ളത്. പ്രോട്ടം സ്പീക്കറുടെ മേല്‍നോട്ടത്തില്‍ ആയിരിക്കും വിശ്വാസവോട്ട്. രഹസ്യ ബാലറ്റ് പാടില്ലെന്നും നടപടികള്‍ മാധ്യമങ്ങളില്‍ ലൈവ് ടെലികാസ്റ്റ് നടത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com